എന്തിനാണ് കോഹ്ലിയ്ക്കും രോഹിതിനും എന്നും വിശ്രമം?? ഇത് ഇന്ത്യയ്ക്ക് നല്ലത് ചെയ്യില്ല – കരീം

   

2022ലെ ഐസിസിയുടെ റാങ്കിങ്ങുകൾ പുറത്തുവരുമ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമയും മുൻനിരയിൽ ഇല്ലാത്തത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. സാധാരണഗതിയിൽ എല്ലാവർഷവും തുടർച്ചയായി മികച്ച പ്രകടനങ്ങൾ ആവർത്തിക്കുന്ന ക്രിക്കറ്റർമാരാണ് ഇരുവരും. എന്നാൽ ഈ വർഷം ഇരുവരും ലിസ്റ്റിൽ ഇല്ലാത്തതിന്റെ കാരണം പരിശോധിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം. കോഹ്ലിയും രോഹിത്തും ഈ വർഷം തുടർച്ചയായി വിശ്രമമെടുത്തത് ഇരുവരുടെയും റാങ്കിങ്ങിനെ ബാധിച്ചിട്ടുണ്ട് എന്നാണ് കരീമിന്റെ നിഗമനം.

   

രോഹിത്തിനും കോഹ്ലിയും ഇത്രമാത്രം ഇടവേളകളുടെ ആവശ്യമില്ലെന്നും സാബാ കരീം പറയുന്നു. “ക്രിക്കറ്റ് ഒരു ടീം കായികമാണെന്നിരിക്കെ തന്നെ, വ്യക്തിഗത പ്രകടനങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. മത്സരങ്ങൾ വിജയിക്കാൻ വ്യക്തിഗത പ്രകടനങ്ങൾ ആവശ്യമാണ്. സാധാരണയായി നമ്മൾ വിരാട് കോഹ്ലിയെ റാങ്കിങ്ങിൽ മുൻനിരയിലാണ് കാണാറുള്ളത്. എന്നാൽ ഇത്തവണ അയാളുടെ പേര് ലിസ്റ്റിൽ ഇല്ല. രോഹിത്തിന്റെ കാര്യവും ഇതുതന്നെയാണ്.”- സാബാ കരീം പറയുന്നു.

   

“ഈ രണ്ടു കളിക്കാരും ഈ വർഷം തുടർച്ചയായി ഇടവേളകൾ എടുക്കുകയുണ്ടായി. അതിനാൽതന്നെ ഒരുപാട് മത്സരങ്ങളിൽ അണിനിരക്കാൻ ഇരുവർക്കും സാധിച്ചില്ല. ഞാൻ കരുതുന്നത് 50 ഓവർ ലോകകപ്പിന് മുൻപുള്ള ഏകദിനങ്ങളിൽ ഇരുവരും സ്ഥിരമായി കളിക്കുമെന്നാണ്. അവർക്ക് ഒരുപാട് ഇടവേളകൾ ആവശ്യമില്ല.”- കരീം പറയുന്നു.

   

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലുണ്ട്. ജനുവരിയിലാണ് ഈ പരമ്പര നടക്കുന്നത്. എന്നിരുന്നാലും ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 സ്ക്വാഡിൽ ഇടംപിടിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയുടെ ഇടയിൽ പരിക്കേറ്റതിനാലാണ് രോഹിത്തിന് മത്സരങ്ങളിൽ അണിനിരക്കാൻ സാധിക്കാതെ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *