16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യ-പാക് ടെസ്റ്റ്‌ വരുന്നു!! മത്സരം നടക്കുന്നത് മെൽബണിൽ!!

   

16 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടുന്നു. അതിനു തയ്യാറെടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് രംഗത്ത് വന്നിരിക്കുന്നു. പലർക്കും അത്ഭുതം തോന്നാവുന്ന ഒരു വാർത്ത തന്നെയാണ് ഇത്. കഴിഞ്ഞ 16 വർഷങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം ഇരു ടീമുകളും ദ്വിരാഷ്ട്രപരമ്പരകൾ കളിച്ചിരുന്നില്ല. ശേഷം 2023ലെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നടക്കുന്നതിലും, 2023ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനും ഇരുരാജ്യങ്ങളും പോർക്കളത്തിൽ ഇറങ്ങുകയും ചെയ്തു. ഇതിനിടയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒരു ടെസ്റ്റ് മത്സരമോ അല്ലെങ്കിൽ ഒരു ടെസ്റ്റ് പരമ്പരയോ നടത്താനുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ നീക്കം. ഓസ്ട്രേലിയയിൽ വെച്ച് മത്സരങ്ങൾ നടത്താനാണ് അവർ നിശ്ചയിക്കുന്നത്. ബിസിസിഐയുടെയും പിസിബിയുടെയും അംഗീകാരം ലഭിക്കുന്നപക്ഷം മത്സരം നടക്കും.

   

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെൽബൺ ക്രിക്കറ്റ് ക്ലബ്ബും വിക്ടോറിയൻ ഗവൺമെന്റുമാണ് മെൽബണിൽ ഇന്ത്യ-പാകിസ്ഥാൻ ടെസ്റ്റ് മത്സരം നടത്താൻ മുൻപിലേക്ക് വന്നിരിക്കുന്നത്. 2022ലെ ലോകകപ്പിൽ മെൽബണിൽ ഇന്ത്യ-പാക് പോരാട്ടം നടക്കുകയും, ഗ്യാലറികൾ നിറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു ആവേശ പോരാട്ടം സംഘടിപ്പിക്കാൻ ഔദ്യോഗിക വൃത്തം തയ്യാറാവുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നമുണ്ടെങ്കിലും മറ്റൊരു രാജ്യത്ത് വച്ച് മത്സരം നടത്തുന്നതിനാൽ വിയോജിപ്പുകൾ ഉണ്ടാവാൻ സാധ്യതയില്ല.

   

“ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര സംഘടിപ്പിച്ചാൽ കാര്യങ്ങൾ ആവേശകരമാകും. അങ്ങനെയെങ്കിൽ മൂന്നു മത്സരങ്ങളിലും മെൽബൺ സ്റ്റേഡിയം നിറയുമെന്നത് ഉറപ്പാണ്. ഇത് കഠിനമാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷേ ക്രിക്കറ്റ് ഓസ്ട്രേലിയ അതിന് ശ്രമിക്കുകയാണ്. ഇരു രാജ്യങ്ങൾക്കും ഒരുപാട് മത്സരങ്ങൾ വരുന്നുണ്ട്. അതും നമ്മൾ മറികടക്കേണ്ട കാര്യമാണ്. എന്നിരുന്നാലും ഓസ്ട്രേലിയൻ ക്രിക്കറ്റ് ഐസിസിയുമായി ഇക്കാര്യങ്ങൾ ആലോചിക്കുന്നു.”- ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു.

   

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 2007ലായിരുന്നു അവസാനമായി ടെസ്റ്റ് മത്സരം നടന്നത്. അതിനാൽതന്നെ ഇനിയും ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശം ഇരട്ടിയാകും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *