ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ലോകകപ്പിനുള്ളിൽ സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കാതിരുന്ന സഞ്ജുവിന് സുവർണാവസരമാണ് വന്നുചേർന്നിരിക്കുന്നത്. സഞ്ജു സാംസൺ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20കളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരെ പറയുന്നത്. സഞ്ചു ടീമിലെ ഭാവിയെക്കുറിച്ച് ആലോചിക്കാതെ അയാളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുമെന്ന് കുമാർ സംഗക്കാരെ വിശ്വസിക്കുന്നു.
“സഞ്ജു സാംസൺ ഒരിക്കലും, ഇത് തന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസരമായി എടുക്കില്ല. അയാൾ അയാളുടേതായി ശൈലിയിൽ തന്നെ കളിക്കും. അയാൾ മികച്ച ഫോമിലാണ്. മികച്ച ഒരു യുവതാരമാണ്. സഞ്ജുവിന് കഴിവും, തന്റേതായ ശൈലിയുമുണ്ട്. ഓരോ മത്സരത്തിലെയും സാഹചര്യത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ സഞ്ജുവിന് സാധിക്കും.”- കുമാർ സംഗക്കാര പറയുന്നു.
“ചിലപ്പോൾ ടീമിന്റെ മാറ്റങ്ങൾ അനുസരിച്ച് മറ്റൊരു പൊസിഷനിൽ സഞ്ജുവിന് ബാറ്റ് ചെയ്യേണ്ടി വന്നേക്കാം. ടോപ്പ് ഓർഡറിൽ ആണെങ്കിലും, മധ്യനിരയിൽ ആണെങ്കിലും, അഞ്ചോ ആറോ സ്ഥാനത്താണെങ്കിലും അയാൾക്ക് അയാളുടേതായ മത്സരമുണ്ട്, അയാളുടെ പവറുണ്ട്, ടച്ചുണ്ട്, നന്നായി കളിക്കാനുള്ള മാനസികാവസ്ഥയുണ്ട്.”- കുമാർ സംഗക്കാര കൂട്ടിച്ചേർക്കുന്നു.
“സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. ആ ചെറുപ്പക്കാരന്റെ കഴിവുകൾ കാണാൻ ആരാധകർക്കും ഈ പരമ്പരയിലൂടെ സാധിക്കും. കാരണം സഞ്ജു ഒരു സ്പെഷ്യൽ കളിക്കാരനാണ്.”- സംഗക്കാരെ പറഞ്ഞുവെക്കുന്നു. ജനുവരി മൂന്നിനാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുക.