ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വിദേശ കളിക്കാരനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ എ ബി ഡിവില്ലിയേഴ്സ്. ഇതിന് പ്രധാന കാരണമായി മാറിയത് ഐപിഎല്ലായിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ ഡൽഹിക്കായി കളിച്ച ഡിവില്ലിയേഴ്സ് പിന്നീട് ബാംഗ്ലൂരിനായി അണിനിരന്നതോടെ കഥ മാറുകയായിരുന്നു. ആദ്യ സീസണിൽ 11 കോടി രൂപയ്ക്ക് ആയിരുന്നു 2008ൽ ഡിവില്ലിയെഴ്സിനെ ഡൽഹി സ്വന്തമാക്കിയത്. ഐപിഎൽ തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ പറ്റി ഡിവില്ലിയെഴ്സ് പറയുകയുണ്ടായി.
ആദ്യ സീസണിൽ മഗ്രാത്തിനൊപ്പം ഐപിഎല്ലിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി ഡിവില്ലിയേഴ്സ് കാണുന്നു. “എന്നെ സംബന്ധിച്ച് അതൊരു വലിയ അവസരമായിരുന്നു. ഐപിഎല്ലിന്റെ തുടക്കം ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ആളുകൾ ക്രിക്കറ്റിനെ ഒരു ഹരമാക്കി മാറ്റി. സ്വന്തം ടീമിന്റെ കളിക്കാരെ മാത്രമല്ല മറ്റു ടീമുകളിലെ കളിക്കാരെയും അവർ പിന്തുണച്ചു തുടങ്ങി. ഞാൻ പരിചയപ്പെട്ട ആളുകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.”- ഡിവില്ലിയെഴ്സ് പറയുന്നു.
“ഗ്ലെൻ മഗ്രാത്തിനൊപ്പം സമയം ചിലവഴിച്ചത് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. അദ്ദേഹം ഒരു കഠിനനായ ക്രിക്കറ്ററായിരുന്നു. അദ്ദേഹത്തിനൊപ്പം ഡ്രസ്സിംഗ് റൂമിൽ സമയം ചിലവഴിക്കാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും എനിക്ക് സാധിച്ചു.”- ഡിവില്ലിയെർസ് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ട്വന്റി20 ലീഗ് വളരെ ഗുണം ചെയ്യുമേന്ന അഭിപ്രായവും ഡിവില്ലിയേഴ്‌സിനുണ്ട്. ദക്ഷിണാഫ്രിക്കയിലെ യുവ കളിക്കാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ ലഭിക്കുന്ന അവസരമാവും ഇതൊന്നും ഡിവില്ലിയെഴ്സ് കരുതുന്നു