ഇന്ത്യയ്ക്കായി 2022ലെ ഏഷ്യാകപ്പിലും ലോകകപ്പിലും മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യയുടെ മുൻനായകൻ വിരാട് കോഹ്ലി കാഴ്ചവെച്ചത്. ലോകകപ്പിൽ പൂർണ്ണമായും ആറാടിയ കോഹ്ലി ട്വന്റി20യിൽ തന്റെ സംഹാരം കാട്ടിത്തന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ഇന്ത്യ വിരാട് കോലിയെ ഒഴിവാക്കുകയാണ് ചെയ്തത്. ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
മറ്റുള്ളവരൊക്കെയും മോശം പ്രകടനത്തിന്റെ പേരിൽ ടീമിന് പുറത്തായപ്പോൾ വിരാട്ടിന്റെ ഒഴിവാക്കലിന് പിന്നിലെ മാനദണ്ഡം പരിശോധിക്കുകയാണ് കരീം. “കോഹ്ലിയെ ഇന്ത്യ ഒഴിവാക്കിയത് വലിയ അത്ഭുതം തന്നെയാണ്. ട്വന്റി20യിൽ ഇന്ത്യ അയാൾക്ക് ഒരു പ്രത്യേക റോൾ നൽകിയിരുന്നു. അയാൾ കളിച്ചിരുന്നതും മികച്ച രീതിയിലായിരുന്നു. ട്വന്റി20 ലോകകപ്പിൽ കോഹ്ലി ഇല്ലായിരുന്നുവെങ്കിൽ നമ്മൾ പാക്കിസ്ഥാനെതിരെ പരാജയം അറിഞ്ഞേനെ.”- കരീം പറയുന്നു.
” ട്വന്റി20യിൽ ഇന്ത്യൻ ടീമിന് വലിയ രീതിയിൽ സന്തുലിതാവസ്ഥ നൽകിയ ഒരു ക്രിക്കറ്ററാണ് വിരാട് കോഹ്ലി. കോഹ്ലി ഒഴികെ ബാക്കിയുള്ളവരെയൊക്കെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് കഴിഞ്ഞ സമയങ്ങളിലെ മോശം പ്രകടനങ്ങൾ മൂലമായിരുന്നു.”- കരീം കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഇത്തവണ ഒഴിവാക്കപ്പെട്ട സീനിയർ കളിക്കാർക്ക് ടീമിലേക്ക് തിരിച്ചു വരാൻ ഇനിയും അവസരമുണ്ടെന്നും സാബാ കരീം പറയുന്നു.
“പുതിയ കളിക്കാരിൽ ആരെങ്കിലും പരമ്പരയിൽ മോശം പ്രകടനം തുടർന്നാൽ പഴയ കളിക്കാർക്ക് ടീമിലേക്ക് തിരികെ രാം. അതുകൊണ്ടുതന്നെ വിരാട് കോഹ്ലിയ്ക്കും പന്തിനുമൊക്കെ ട്വന്റി20 ടീമിലേക്ക് തിരികെയെത്താനാവും.”- കരീം പറഞ്ഞുവെക്കുന്നു.