ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓർമ്മയാണ് 2007ലെ ട്വന്റി20 ലോകകപ്പ്. യാതൊരു പ്രതീക്ഷയുമില്ലാതെ യുവതാരങ്ങളുമായി ലോകകപ്പിനായി പുറപ്പെട്ട ധോണിപ്പട കിരീടം സ്വന്തമാക്കുകയുണ്ടായി. ആ ലോകകപ്പിൽ മാത്രം നടന്ന ഒന്നായിരുന്നു ബോൾ ഔട്ട്. മത്സരങ്ങളിൽ ടീമുകൾ സമനിലയിൽ ആവുന്ന പക്ഷമായിരുന്നു ബോൾ ഔട്ട് നടന്നിരുന്നത്. ഇന്ത്യയുടെ ഗ്രൂപ്പ് സ്റ്റേജിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ബോൾ ഔട്ടാണ് വിജയികളെ നിശ്ചയിച്ചത്. അന്നത്തെ മത്സരത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ.
മത്സരം സമനിലയിലെത്തിയശേഷം ഡ്രസിങ് റൂമിൽ നടന്ന സംഭവങ്ങളെ പറ്റിയാണ് ഉത്തപ്പ പറയുന്നത്. “എനിക്ക് നല്ല ഓർമ്മയുണ്ട്. ആ മത്സരം സമനിലയിലായ ശേഷം ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ എത്തുകയും, അടുത്തതായി ബോൾ ഔട്ടാണ് നടക്കാൻ പോകുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. ഞാൻ നേരെ ധോണിയുടെ അടുത്ത് ചെന്ന് എനിക്ക് ബോൾ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ധോണി എന്റെ ആവശ്യം അവഗണിച്ചില്ല. താങ്കൾ ബോൾ എറിഞ്ഞു കൊള്ളാനാണ് ധോണി പറഞ്ഞത്.”- ഉത്തപ്പ ഓർക്കുന്നു.
“ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ധോണിയെന്ന നായകൻ എത്രമാത്രം ചിന്തിച്ചിരുന്നു എന്ന് മനസ്സിലാകുന്നു. നമ്മൾ നമ്മളുടെ കഴിവിലും ശക്തിയിലും വിശ്വസിക്കുന്നുണ്ടെങ്കിൽ ധോണി നമ്മളെ പിന്തുണക്കും. അത്തരമൊരു നായകനായിരുന്നു എംഎസ് ധോണി. നായകനായുള്ള തന്റെ ആദ്യ മത്സരത്തിലാണ് അദ്ദേഹം എനിക്ക് ഈ പിന്തുണ നൽകിയത്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
“എനിക്കറിയാമായിരുന്നു ബോൾ ഔട്ടിൽ ഞങ്ങൾ വിജയിക്കുമെന്ന്. എന്തെന്നാൽ അന്ന് വെങ്കിടേഷ് പ്രസാദ് ആയിരുന്നു ഞങ്ങളുടെ ബോളിങ് കോച്ച്. പരിശീലന സമയത്ത് അദ്ദേഹം ഞങ്ങളെ ബോൾ ഔട്ട് പരിശീലിപ്പിച്ചിരുന്നു. ഞാനും രോഹിത്തും വീരുവും കൃത്യമായി ബോൾ സ്റ്റമ്പിൽ കൊള്ളിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ ധോണിയോട് എറിയാമെന്ന് പറഞ്ഞത്.”- ഉത്തപ്പ പറഞ്ഞുവയ്ക്കുന്നു.