ഒരു കളിക്കാരനെതിരെ തങ്ങളുടെ ക്രിക്കറ്റ് ബോർഡ് കൃത്യമായ അജണ്ട എടുക്കുക എന്നത് ഖേദകരമാണ്. ചിലപ്പോൾ ബോധപൂർവ്വമല്ലാതെയാവും ഇത്തരം അജണ്ടകൾ കൈക്കൊള്ളുന്നത്. എന്നാൽ അങ്ങനെയുള്ള സാഹചര്യങ്ങളിലും അത് അയാളുടെ കരിയറിനെ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്. സഞ്ജുവിന്റെ കാര്യത്തിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏകദിന പരമ്പരകളിലൊക്കെയും ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന സ്ക്വാഡിൽ നിന്ന് ഒഴിവാക്കി.
ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്തിയെങ്കിലും ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം അത്ഭുതകരം തന്നെയാണ്. മുൻപ് ന്യൂസിലാൻഡിനെതിരായ നിശ്ചിത ഓവർ പരമ്പരയിൽ ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ട്വന്റി20 പോലും കളിപ്പിച്ചില്ല. ശേഷം ആദ്യ ഏകദിനത്തിൽ കളിക്കാൻ അവസരം ലഭിച്ചു. മത്സരത്തിൽ 36 റൺസിന്റെ നിർണായക ഇന്നിങ്സാണ് സഞ്ജു കളിച്ചത്. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ നിന്നും ഇന്ത്യ സഞ്ജുവിനെ മാറ്റിനിർത്തി.
ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിൽ സഞ്ജു ഉണ്ടായിരുന്നില്ല. ഇപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും സഞ്ജു ഇല്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വളരെ മോശം പ്രകടനങ്ങൾ ആവർത്തിച്ച കെഎൽ രാഹുലിനെ പോലും ഇന്ത്യ ഏകദിന ടീമിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഈ നീക്കം വളരെ സംശയാസ്പദം തന്നെയാണ്.
മുൻപു ലോകകപ്പിന്റെ സമയത്ത് ഏകദിനങ്ങളിൽ മാത്രം അവസരം നൽകി ഇന്ത്യ സഞ്ജുവിനെ ഏകദിന ക്രിക്കറാക്കി മാറ്റി. ഇപ്പോൾ ഏകദിന ലോകകപ്പ് സമയത്ത് ട്വന്റി20യിൽ അവസരം നൽകുന്നു.ഇത്രയും നിർഭാഗ്യവാനായ ക്രിക്കറ്റർ ലോക ക്രിക്കറ്റിൽ തന്നെ ഉണ്ടാവുമോ എന്ന സംശയം പലരുടെയും ഉള്ളിലുണ്ട്.