ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. തന്റെ മൈതാനത്തെയും പുറത്തെയും ശാന്തമായ പെരുമാറ്റം കൊണ്ട് ദ്രാവിഡ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ദേശീയ ടീമിന്റെ കോച്ചായ രാഹുൽ ദ്രാവിഡ മുൻപ് സ്കോട്ട്ലാൻഡ് ക്രിക്കറ്റ് ടീമിനായി കളിച്ചിരുന്നതായി പലർക്കും അറിയാവുന്ന കാര്യമാണ്. 2003ലെ ലോകകപ്പിന് ശേഷമായിരുന്നു ദ്രാവിഡ് സ്കോട്ട്ലാൻഡ് ടീമിൽ കളിച്ചിരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ദ്രാവിഡ് അതിനു തയ്യാറായത് എന്ന് പലർക്കും അറിയില്ല. നമുക്കത് പരിശോധിക്കാം.
1999 ലെ ലോകകപ്പിൽ ടോപ്പ് സ്കോററായിരുന്നു ദ്രാവിഡ്. പിന്നീട് 2003ലെ ലോകകപ്പിലും ദ്രാവിഡ് തന്റെ മികച്ച പ്രകടനങ്ങൾ ആവർത്തിച്ചു. ടൂർണമെന്റിൽ ഇന്ത്യക്കായി 11 മത്സരങ്ങളിൽ നിന്നും 318 റൺസ് ദ്രാവിഡ് നേടി. എന്നാൽ ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയമറിഞ്ഞു. ശേഷം ടീമിലെ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഈ സമയത്താണ് സ്കോട്ട്ലാൻഡ് ടീമിന് നാഷണൽ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഈ അവസരത്തിൽ തങ്ങളുടെ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റർമാരുടെ സഹായം സ്കോട്ട്ലാൻഡ് ടീം അഭ്യർത്ഥിച്ചു.
അന്നത്തെ ഇന്ത്യയുടെ കോച്ചായ ജോൺ റൈറ്റാണ് ഇക്കാര്യങ്ങൾ നിയന്ത്രിച്ചത്. സ്കോട്ട്ലാൻഡ് കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും, അവരെ മെച്ചപ്പെടുത്താനും കരാറിന്റെ അടിസ്ഥാനത്തിൽ ഒരു സൂപ്പർതാരത്തെ വിട്ടു നൽകണമെന്നാണ് സ്കോട്ട്ലാൻഡ് ക്രിക്കറ്റ് ടീം ജോൺ റേറ്റിനോട് ആവശ്യപ്പെട്ടത്. അവർ സച്ചിൻ ടെണ്ടുൽക്കറെയാണ് ചോദിച്ചതെങ്കിലും, രാഹുൽ ദ്രാവിഡിനെയായിരുന്നു ജോൺ റൈറ്റ് വിട്ടു നൽകിയത്.
45,000 പൗണ്ടിന് മൂന്നുമാസത്തെ കാലാവധിയിൽ അങ്ങനെ ദ്രാവിഡ് സ്കോട്ട്ലാൻഡിലേക്ക് തിരിച്ചു. നാഷണൽ ലീഗിൽ 11 മത്സരങ്ങളും ദ്രാവിഡ് സ്കോട്ട്ലാൻഡിനായി കളിച്ചു. ഇതിൽനിന്നായി 66 റൺസ് ശരാശരിയിൽ 600 റൺസായിരുന്നു ദ്രാവിഡ് നേടിയത്. എന്നാൽ ലീഗിലെ ഒരു മത്സരത്തിൽ മാത്രമേ സ്കോട്ട്ലാൻഡിന് വിജയക്കൊടി പാറിക്കാൻ സാധിച്ചുള്ളൂ.