അങ്ങനെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പര്യടനം അവസാനിച്ചിരിക്കുകയാണ്. ഏകദിനപരമ്പരയിൽ 2-1ന് പരാജയം ഏറ്റുവാങ്ങിയെങ്കിലും ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരുകയുണ്ടായി. എന്നിരുന്നാലും ടെസ്റ്റിൽ ചില ബാറ്റർമാരുടെ പ്രകടനം വളരെയേറെ നിരാശാജനം തന്നെയായിരുന്നു. അതിൽ ഒരാളാണ് കെ എൽ രാഹുൽ. ഇരു ടെസ്റ്റുകളിലും രാഹുൽ പൂർണമായും ബാറ്റിംഗിൽ പരാജയപ്പെട്ടു. അതിനാൽതന്നെ ഓസ്ട്രേലിയയ്ക്കെതിരായ അടുത്ത നടക്കുന്ന ടെസ്റ്റ് രോഹിത് ശർമ ടീമിൽ തിരിച്ചെത്തുമ്പോൾ കെ എൽ രാഹുലിനെ ഒഴിവാക്കണം എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
കെ എൽ രാഹുലിന്റെ പരമ്പരയിലെ മോശം പ്രകടനങ്ങൾ കണക്കിലെടുത്താണ് വസീം ജാഫർ സംസാരിച്ചത്. “എന്റെ അഭിപ്രായത്തിൽ കെ എൽ രാഹുൽ തന്നെയാണ് പുറത്തിരിക്കേണ്ട ക്രിക്കറ്റർ. ഒരു ബാറ്റർ എന്ന നിലയിൽ വളരെ മോശം പരമ്പരയായിരുന്നു രാഹുലിന്. രോഹിത് ടീമിലേക്ക് തിരികെയെത്തുകയാണെങ്കിൽ രാഹുൽ മാറികൊടുത്തേ പറ്റൂ.”- ജാഫർ പറയുന്നു.
ഇതോടൊപ്പം രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ഓപ്പണർമാരുടെ സമീപനത്തെയും ജാഫർ വിമർശിക്കുകയുണ്ടായി. “ശുഭമാൻ ഗിൽ എങ്കിലും അദ്ദേഹത്തിന്റെ ഷോട്ടുകൾ കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ആദ്യ ഇന്നിങ്സിൽ അങ്ങനെയായിരുന്നു കളിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഗില്ലും രാഹുലും മോശം സമീപനമാണ് കാട്ടിയത്. കൂടുതൽ പ്രതിരോധാത്മകമായി കളിച്ചത്കൊണ്ടാണ് ബംഗ്ലാദേശിന് മത്സരത്തിൽ മേൽക്കോയ്മ ലഭിച്ചത്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
ആദ്യ ടെസ്റ്റിൽ 22, 23 എന്നിങ്ങനെയും രണ്ടാം ടെസ്റ്റിൽ 10,2 എന്നിങ്ങനെയുമയിരുന്നു കെ എൽ രാഹുൽ നേടിയത്. 2022ൽ 4 ടെസ്റ്റുകളിൽ നിന്ന് 137 റൺസ് മാത്രമാണ് രാഹുൽ നേടിയത്. 17.3 മാത്രമാണ് രാഹുലിന്റെ ബാറ്റിംഗ് ശരാശരി.