ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരുതരത്തിൽ അശ്വിൻ ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. 145 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 74ന് 7 എന്ന നിലയിൽ തകർന്നു. ശേഷമെത്തിയ അശ്വിൻ ശ്രേയസ് അയ്യർകൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മത്സരത്തിൽ 42 റൺസാണ് അശ്വിൻ നേടിയത്. ശേഷം അശ്വിന്റെ ഈ തകർപ്പൻ ഇന്നിങ്സിനെ പ്രകീർത്തിച്ച് ഒരുപാട് താരങ്ങൾ രംഗത്ത് വരികയുണ്ടായി.
സമ്മർദ്ദ സാഹചര്യങ്ങളിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബാറ്ററാണ് അശ്വിൻ എന്നാണ് ഇന്ത്യൻ തരം ദിനേശ് കാർത്തിക്ക് പറയുന്നത്. “അക്ഷർ പട്ടേലിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ, ഇന്ത്യയുടെ അവസാന പ്രതീക്ഷ തന്നെയായിരുന്നു അശ്വിൻ. എന്നാൽ അശ്വിന്റെ സമ്മർദ്ദങ്ങൾ നിയന്ത്രിക്കാനുള്ള കഴിവിൽ എനിക്ക് പൂർണമായി വിശ്വാസമുണ്ടായിരുന്നു. അയാൾ ഒരു മുൻനിര ബാറ്ററോടൊപ്പം ബാറ്റ് ചെയ്യുമ്പോൾ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. ടെസ്റ്റിൽ സമ്മർദ്ദങ്ങളാണ് അശ്വിനിൽ നിന്ന് മികച്ച പ്രകടനങ്ങൾ പുറത്തു കൊണ്ടുവരുന്നത്. ഈ രീതിയിൽ അശ്വിൻ ബാറ്റ് ചെയ്യുന്നതിൽ സന്തോഷമുണ്ട്.”- കാർത്തിക്ക് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് അശ്വിൻ ഒരു അമൂല്യ വസ്തു തന്നെയാണെന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞത്. “ഒരു ബാറ്റർ എന്ന നിലയ്ക്കും, കളിക്കാരനെന്ന നിലയ്ക്കും അശ്വിൻ ഒരു അമൂല്യ ധനമാണ്. തമിഴ്നാടിനു വേണ്ടിയും ലഭിച്ച അവസരങ്ങളിൽ അശ്വിൻ ഇത്തരം ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഒരുപാട് യുവക്രിക്കറ്റർമാർക്ക് അശ്വിനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും.”- ജാഫർ പറഞ്ഞു.
മത്സരത്തിൽ ശ്രേയസ് അയ്യരുമൊത്ത് എട്ടാം വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ടായിരുന്നു അശ്വിൻ സൃഷ്ടിച്ചത്. തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഒരു ക്യാച്ചിനുള്ള അവസരം അശ്വിൻ നൽകിയിരുന്നു. എന്നാൽ പിന്നീട് അശ്വിൻ വളരെ തന്മയത്വത്തോടെയാണ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്.