ഡ്രെസ്സിങ് റൂമിലിരുന്ന് ഞാൻ കുറെ ടെൻഷനടിച്ചു!! ആരെങ്കിലും മുൻപിലെത്തി വിജയിപ്പിക്കുമെന്ന് ഉറപ്പായിരുന്നു – കെ എൽ രാഹുൽ

   

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം കണ്ടത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ അശ്വിൻ 42 റൺസ് നേടിയപ്പോൾ, ശ്രേയസ് അയ്യർ 29 റൺസും നേടി. മത്സരത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങൾ ഡ്രസിങ് റൂമിൽ ടെൻഷനുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ നായകൻ രാഹുൽ മത്സരശേഷം പറഞ്ഞത്.

   

“ഇത്തരം സാഹചര്യങ്ങളിൽ മൈതാനത്തുള്ള കളിക്കാരെ വിശ്വസിക്കുക എന്നതാണ് ചെയ്യേണ്ടത്. ഞങ്ങൾ ആവശ്യത്തിനു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനാൽതന്നെ ആരെങ്കിലും ഞങ്ങൾക്കായി മത്സരം വിജയിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഞാൻ നുണ പറയുന്നില്ല. ഡ്രസ്സിംഗ് റൂമിൽ ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നു. ഇത് ബാറ്റിംഗിന് പ്രയാസകരമായ വിക്കറ്റായിരുന്നു. രണ്ട് ഇന്നിംഗ്സിലും ഞങ്ങളെ സമ്മർദത്തിലാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.”- രാഹുൽ പറയുന്നു.

   

“ന്യൂബോളിന് പിച്ചിൽ നിന്ന് ഒരുപാട് സഹായങ്ങൾ ലഭിച്ചു. ബോൾ പഴയതാകുമ്പോൾ റൺസ് കണ്ടെത്താൻ എളുപ്പമായി മാറി. ആരാണ് ന്യൂ ബോളിൽ നന്നായി കളിക്കുന്നത് എന്നതിലായിരുന്നു കാര്യം. ചെയ്സ് ചെയ്യുമ്പോൾ ഞങ്ങൾക്ക് കുറച്ചധികം വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ മത്സരത്തിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങൾ ഈ വിജയത്തിൽ സന്തോഷവാന്മാരാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച ബോളിങ് പ്രകടനങ്ങൾ തന്നെയാണ് ഞങ്ങൾ കാഴ്ചവച്ചിട്ടുള്ളത്. വിദേശ പിച്ചുകളിലും ബോളർമാർ മികച്ച പ്രകടനങ്ങൾ തുടരുന്നു.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

   

എന്നിരുന്നാലും ഇന്ത്യൻ ബാറ്റിംഗ് മുൻനിരയുടെ തകർച്ച തന്നെയായിരുന്നു മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കാണാനായത്. ഇത് ഇന്ത്യയെ വലിയ രീതിയിൽ ആശങ്കയിലാക്കിയിട്ടുണ്ട്. വമ്പൻമാരായ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിനിറങ്ങുമ്പോൾ ബാറ്റിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *