കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിക്കുന്ന ക്രിക്കറ്ററാണ് കെഎൽ രാഹുൽ. പലപ്പോഴും ഇന്ത്യക്കായി സമീപകാലത്ത് രാഹുൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പ്രകടനങ്ങൾ രാഹുലിന് നേരെ ഒരുപാട് ചോദ്യങ്ങൾ വരാൻ കാരണമായി. എന്നാൽ ഇന്ത്യ ഈ അവസരത്തിൽ രാഹുലിനെ പിന്തുണയ്ക്കേണ്ടതുണ്ട് എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്.
ഇന്ത്യയുടെ സമീപകാല ടെസ്റ്റുകളിലെ രാഹുലിന്റെ പ്രകടനം കണക്കിലെടുത്താണ് കാർത്തിക് സംസാരിച്ചത്. “നമുക്ക് കഴിഞ്ഞ മത്സരങ്ങൾ പരിശോധിക്കാം. ബംഗ്ലാദേശിനെതിരായ ഈ രണ്ട് ടെസ്റ്റുകൾക്ക് മുമ്പ്, ഇന്ത്യ കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളാണ്. ആ 7 ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർത്ഥസെഞ്ച്വറികളും രാഹുൽ നേടി. വിദേശ പിച്ചുകളിൽ ആണെന്ന് ഓർക്കണം. ഇപ്പോൾ ഉള്ളത് വളരെ പ്രയാസകരമായ പിച്ചുകളാണ്.
കഴിഞ്ഞ പ്രകടനങ്ങൾ കണക്കിലെടുത്താൽ അയാളുടെ കഴിവുകളെ പറ്റി സപ്പോർട്ടിംഗ് സ്റ്റാഫുകൾക്ക് ബോധ്യമാകും. അയാൾ ഈ സമയത്ത് കടന്നുപോകുന്നത് അത്ര മികച്ച രീതിയിലല്ല. അതിനാൽതന്നെ നമ്മൾ അയാളെ പിന്തുണയ്ക്കേണ്ടതുണ്ട്.”- കാർത്തിക് പറഞ്ഞു. “നിലവിൽ രാഹുൽ ഇന്ത്യൻ ടീമിന്റെ നായകനാണ്. അതിനാൽതന്നെ അത്ര എളുപ്പത്തിൽ അയാളെ ഒഴിവാക്കാൻ സാധിക്കില്ല. ഓസ്ട്രേലിയൻ പരമ്പരയുടെ തുടക്കത്തിൽ രാഹുലുണ്ടാവും. എന്നാൽ അവിടെയും കാര്യങ്ങൾ നന്നായി നടന്നില്ലെങ്കിൽ എന്താവും? ആ സമയത്ത് കൂടുതൽ ചോദ്യങ്ങൾ ഉയരും.”- ദിനേശ് കാർത്തിക് പറയുന്നു.
ബംഗ്ലാദേശിനെതിരായ മൂന്ന് ഇന്നിംഗ്സുകളിലും മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു രാഹുൽ കാഴ്ചവച്ചത്. ആദ്യ ടെസ്റ്റിൽ 22, 23 എന്നിങ്ങനെ നേടിയ രാഹുൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 10 റൺസ് മാത്രമായിരുന്നു നേടിയത്.