ഇന്ത്യൻ ടീമിലെ ഒരു പ്രധാന ഘടകം തന്നെയാണ് ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവ്. ഇന്ത്യക്കായി മത്സരങ്ങളിൽ നിർണായക സമയങ്ങളിൽ വിക്കറ്റുകൾ കൊയ്യാറുള്ള കുൽദീപ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. പ്രധാനമായും ധോണി നായകനായിരുന്ന സമയത്തായിരുന്നു കുൽദീപ് യാദവിനെ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നത്. തന്റെ കരിയറിൽ ധോണിയുടെ സ്ഥാനത്തെപ്പറ്റി മുൻപ് കുൽദീപ് യാദവ് സംസാരിക്കുകയുണ്ടായി.
സ്റ്റമ്പിന് പുറകിലെ ധോണിയുടെ സാമീപ്യം തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് എന്നായിരുന്നു കുൽദീപ് പറഞ്ഞത്. “ചില സമയങ്ങളിൽ ധോണിയുടെ മാർഗ്ഗനിർദേശങ്ങൾ ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. എന്തെന്നാൽ ധോണി ഒരു മികച്ച നായകൻ തന്നെയായിരുന്നു. അദ്ദേഹം ഞങ്ങളെ സ്റ്റമ്പിന് പിന്നിൽ നിന്ന് നിയന്ത്രിക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ പരിചയസമ്പന്ന മിസ്സ് ചെയ്യുന്നുണ്ട്.”- യാദവ് പറയുന്നു.
“ധോണി ഉണ്ടായിരുന്നപ്പോൾ ഞാനും ചാഹലും ഒരുമിച്ച് ടീമിൽ കളിച്ചിരുന്നു. എന്നാൽ ധോണി പോയതിനുശേഷം ചാഹലിനൊപ്പം ടീമിൽ കളിക്കാൻ എനിക്ക് അവസരങ്ങൾ ലഭിച്ചില്ല. അദ്ദേഹം ടീമിൽനിന്ന് പോയതിനുശേഷം വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് ഞാൻ ഇന്ത്യക്കായി കളിച്ചത്.”- കുൽദീപ് കൂട്ടിച്ചേർക്കുന്നു.
ധോണിക്ക് ശേഷം പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ട ക്രിക്കറ്റർ തന്നെയാണ് കുൽദീപ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പര. ആദ്യ ടെസ്റ്റിൽ പ്ലെയർ ഓഫ് ദി മാച്ച് ആയിട്ടും പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഇന്ത്യ കുൽദീപിനെ മാറ്റി നിർത്തിയിരിക്കുന്നു. എന്തായാലും ധോണി എന്ന നായകൻ ടീമംഗങ്ങളിൽ ഉണ്ടാക്കിയിരുന്ന സ്വാധീനമാണ് കുൽദീപിന്റെ ഈ വാക്കുകളിൽ നിഴലിക്കുന്നത്.