ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സൂപ്പർ നായകൻ എം എസ് ധോണിയുടെ കീഴിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാനും ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ചെന്നൈ ടീം മറക്കാൻ ശ്രമിക്കുന്ന ഒരു സീസണായിരുന്നു 2022ലെ ഐപിഎൽ. പോയിന്റ്സ് ടേബിളിൽ അവർ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൂടാതെ എക്കാലത്തെയും ചെന്നൈയുടെ ശക്തിയായിരുന്നു ബ്രാവോ വിരമിച്ചു. എന്നാൽ 2023 ലേക്കുള്ള ലേലത്തിൽ ഒരു വമ്പൻ സൈനിങ്ങിലൂടെ തങ്ങളുടെ ടീമിലെ പ്രശ്നങ്ങൾ പരിഹരിച്ചിരിക്കുകയാണ് ചെന്നൈ ടീം. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെയാണ് ചെന്നൈ ലേലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടുകോടി രൂപ അടിസ്ഥാന വിലയുള്ള സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ഏത് രീതിയിൽ നോക്കിയാലും ഒരു വമ്പൻ ലേലം തന്നെയാണ് ചെന്നൈ നടത്തിയത്. ടീമിൽ നിന്ന് പോയ ബ്രാവോ എന്ന ഓൾറൗണ്ടർക്ക് പകരം വയ്ക്കാനാവുന്ന ക്രിക്കറ്റർ തന്നെയാണ് സ്റ്റോക്സ്. ഒപ്പം ധോണിക്ക് ശേഷം ചെന്നൈയുടെ നായകനായും സ്റ്റോക്ക്സ് നിലനിന്നേക്കാം.
മാത്രമല്ല സ്റ്റോക്ക്സിന്റെ കടന്നുവരവോടെ ഓൾറൗണ്ടർമാരുടെ ഒരു വലിയ ശക്തമായ നിരയാണ് ചെന്നൈ ടീമിൽ രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഓൾറൗണ്ടറായ രവീന്ദ്ര ജഡേയും, ഇംഗ്ലണ്ട് ഓൾറൌണ്ടറായ മൊയിൻ അലിയും, ഒപ്പം ബെൻ സ്റ്റോക്സും ചേരുമ്പോൾ ചെന്നൈ ഒരു വലിയ നിര തന്നെയാണ്. മാത്രമല്ല ഇതിനൊപ്പം ധോണി എന്ന ചാണക്യന്റെ തന്ത്രവും കൂടി എത്തുന്നതോടെ മറ്റു ടീമുകൾക്ക് പേടിസ്വപ്നം തന്നെയാണ് ഈ നിര.
എന്നിരുന്നാലും ബാറ്റിംഗിൽ ശക്തമായി നിലനിൽക്കുമ്പോഴും ചെന്നൈയുടെ ബോളിഗ് വലിയ ശക്തമല്ല. പക്ഷേ സ്റ്റോക്സിനെ പോലെ ഒരു ഓൾറൗണ്ടർ ടീമിൽ എത്തുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടു. സ്പിന്നിനെ തുണക്കുന്ന ചെന്നൈ പിച്ചിൽ ധോണിക്ക് തന്റെ തന്ത്രങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന ഒരു ക്രിക്കറ്റർ തന്നെയാണ് ബെൻ സ്റ്റോക്സ്.