കഴിഞ്ഞ സമയങ്ങളിൽ ഏകദിനങ്ങളിലെയും ട്വന്റി20കളിലേയും മോശം ബാറ്റിംഗ് പ്രകടനങ്ങളുടെ പേരിൽ ഒരുപാട് പഴികേട്ട ക്രിക്കറ്ററാണ് റിഷാഭ് പന്ത് എന്നാൽ ടെസ്റ്റ് മത്സരങ്ങളിലേക്ക് വരുമ്പോൾ തനിക്ക് പകരക്കാരനായി മറ്റൊരാളില്ല എന്ന് പന്ത് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് പന്ത് കാഴ്ചവച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ പന്ത് നിറഞ്ഞാടുന്നത് തന്നെയാണ് കാണാനായത്.
ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ നേടിയ 227 റൺസിന് മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. മുൻനിരയിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കാതിരുന്ന ഇന്ത്യ 94 ന് 4 എന്ന നിലയിൽ തകർന്നു. എന്നാൽ അഞ്ചാമനായിറങ്ങിയ പന്ത് അടിച്ചു തകർക്കുകയായിരുന്നു. ബംഗ്ലാദേശ് സ്പിന്നർമാർക്കെതിരെ പന്ത് ആക്രമണം അഴിച്ചുവിട്ടതോടെ മത്സരത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു.
മത്സരത്തിൽ 105 പന്തുകൾ നേരിട്ട പന്ത് 93 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും അഞ്ചു പടുകൂറ്റൻ സിക്സറുകളും പന്ത് അടിച്ചുകൂട്ടി. ശ്രേയസ് അയ്യരുമായി ചേർന്ന് അഞ്ചാം വിക്കറ്റിൽ 159 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിക്കാൻ പന്തിന് സാധിച്ചു. മത്സരത്തിലെ പ്രധാന വഴിത്തിരിവ് തന്നെയായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. മൂന്നക്കം കാണാൻ സാധിച്ചില്ലെങ്കിലും ഇന്ത്യയെ മികച്ച പൊസിഷനിൽ എത്തിക്കാൻ പന്തിന്റെ ഇന്നിങ്സ് സഹായകരമായിട്ടുണ്ട്.
പന്തിന്റെയും ശ്രേയസിന്റെയും ഈ കിടിലൻ പാർണൻഷിപ്പ് ഇന്ത്യയെ മത്സരത്തിൽ മുൻപിൽ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്സിൽ ഒരു വലിയ ലീഡ് തന്നെ നേടാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.