ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരുകാലത്തും മറക്കാൻ സാധിക്കാത്ത ഒന്നാണ് 2011ലെ 50 ഓവർ ലോകകപ്പ്. ഇന്ത്യയുടെ വമ്പന്മാർ ആറാടിയ ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ധോണിപ്പട കപ്പ് സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം എടുത്തുപറയേണ്ടത് ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു. എന്നാൽ ഫൈനലിൽ മികച്ച ഫോമിലുള്ള യുവരാജിന് പകരം നായകൻ ധോണി നാലാം നമ്പരിലെത്തുകയും ഇന്ത്യക്കായി വിജയക്കൊടി പാറിക്കുകയുമാണ് ചെയ്തത്. അന്ന് യുവരാജിന് മുൻപ് ധോണി ഇറങ്ങാനുള്ള സാഹചര്യത്തെപ്പറ്റി സുരേഷ് റെയ്‌ന പിന്നീട് പറയുകയുണ്ടായി.
“ധോണിയുടെ ശാരീരികഭാഷയിൽ തന്നെ അദ്ദേഹം ഇന്ത്യക്കായി ലോകകപ്പ് ജയിക്കുമെന്ന് ഉറപ്പായിരുന്നു. ധോണി അന്ന് യുവരാജിന് മുൻപ് ഇറങ്ങിയത് വലിയൊരു തീരുമാനം തന്നെയായിരുന്നു. മുത്തയാ മുരളീധരനെ നേരിടാൻ തനിക്കാണ് നന്നായി സാധിക്കുക എന്ന് ധോണി കോച്ച് ഗാരി ക്രിസ്റ്റിയനെ ബോധിപ്പിച്ചു. അന്നത്തെ കാര്യങ്ങളൊക്കെ എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.”- റെയ്ന പറയുന്നു.
ഇതോടൊപ്പം ലോകകപ്പിൽ സഹീർഖാൻ ഉണ്ടാക്കിയ ഇമ്പാക്റ്റിനെ പറ്റിയും റെയ്‌ന സംസാരിക്കുകയുണ്ടായി. “അന്ന് ഞങ്ങളുടെ തീരുമാനങ്ങളൊക്കെയും ഞങ്ങളുടെ കൂടെ നിന്നു. സഹീർ ഭായിയാണ് ബോളിഗ് നിരയെ നയിച്ചത്. എല്ലാവരും ഇന്ത്യയുടെ ശക്തമായ ബാറ്റിംഗിനെ പറ്റിയാണ് സംസാരിച്ചത്. എന്നാൽ സഹീർഖാൻ ഞങ്ങളെ സംബന്ധിച്ച് ബോളിങ്ങിലെ സച്ചിനായിരുന്നു.- റെയ്‌ന കൂട്ടിച്ചേർക്കുന്നു.
എല്ലാ വമ്പൻ താരങ്ങളുടെയും മികച്ച പ്രകടനങ്ങൾ കണ്ട ടൂർണമെന്റ് തന്നെയായിരുന്നു 2011 ൽ നടന്ന ലോകകപ്പ്. 482 റൺസ് നേടിയ സച്ചിനായിരുന്നു ടൂർണമെന്റിലെ ടോപ്പ് സ്കോറർ. ഒപ്പം യുവരാജും ഇന്ത്യക്കായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചു.