ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ വിമർശനങ്ങൾ തന്നെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത കുൽദീപിനെ ഇന്ത്യ മാറ്റിനിർത്തിയത് മണ്ടത്തരമാണെന്നാണ് മുൻ താരങ്ങൾ പറഞ്ഞത്. എന്നാൽ രണ്ടാം ടെസ്റ്റിൽ നിന്ന് കുൽദീപിനെ മാറ്റിനിർത്തിയത് ഉചിതമായ തീരുമാനം തന്നെയായിരുന്നു എന്നാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്.
ഒരൊറ്റ ടെസ്റ്റിലെ മികച്ച പ്രകടനം കൊണ്ട് കുൽദീപ് ഒരിക്കലും അക്ഷർ പട്ടേലിന്റെ മുകളിൽ എത്തില്ല എന്ന് കാർത്തിക്ക് പറയുന്നു. “അശ്വിനാണ് നമ്മളുടെ ഒന്നാം നമ്പർ സ്പിന്നർ എന്ന് നമ്മൾ അംഗീകരിച്ചേ പറ്റൂ. രണ്ടാം സ്ഥാനത്ത് തീർച്ചയായും അക്ഷർ പട്ടേലാണ്. കാരണം രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ മികച്ച പ്രകടനങ്ങളാണ് അക്ഷർ കാഴ്ചവെച്ചിട്ടുള്ളത്. ഈ കാരണങ്ങൾ കൊണ്ടാണ് കുൽദീപ് മൂന്നാം സ്പിന്നറായി മാറുന്നത്.”- കാർത്തിക് പറയുന്നു.
“ഒരു ടെസ്റ്റിലെ മികച്ച പ്രകടനം ഒരിക്കലും കുൽദീപിനെ അക്ഷറിന്റെ മുകളിൽ എത്തിക്കില്ല. അക്ഷർ വളരെ മികച്ച കളിക്കാരനാണ്. അശ്വിന് മികവുകാട്ടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അയാൾ മുൻപിലേക്ക് വരുന്നു. അതുകൊണ്ടുതന്നെ പിച്ചിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, മൂന്ന് സീമർമാരുമായി ഇന്ത്യ ഇറങ്ങാൻ തീരുമാനിച്ചാൽ, കുൽദീപിനെ പുറത്തിരുത്തുക തന്നെ ചെയ്യണം. ഇക്കാര്യം മനസ്സിലാക്കാൻ. സാധിക്കുന്നതാണ്.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
“തന്റെ സമയം വരുമെന്ന് കുൽദീപിന് പൂർണ്ണ ബോധ്യമുണ്ട്. അതിനാൽതന്നെ ഈ തീരുമാനം ന്യായമായ ഒന്നായിയാണ് തോന്നുന്നത്. പ്രത്യേകിച്ച് അക്ഷർ ബോൾ ചെയ്യുന്ന രീതി വെച്ച്. “- കാർത്തിക് പറഞ്ഞുവയ്ക്കുന്നു. ആദ്യമത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു ഇന്ത്യ രണ്ടാം മത്സരത്തിൽ നിന്ന് കുൽദീപിനെ മാറ്റി നിർത്തിയത്.