ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററായിരുന്നു കുൽദീപ് യാദവ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടിയ യാദവ് എട്ടു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ കുൽദീപിനെ ഇന്ത്യ പുറത്തിരുത്തുകയാണ് ചെയ്തത്. പലരെയും അത്ഭുതപ്പെടുത്തിയ ടീം സെലക്ഷൻ തന്നെയായിരുന്നു അത്. കുൽദീപിന്റെ മത്സരത്തിലെ അഭാവത്തെപ്പറ്റി മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുകയുണ്ടായി.
” കുൽദീപിന്റെ കാര്യത്തിൽ വലിയ വിഷമം തന്നെയാണുള്ളത്. ആദ്യ മത്സരത്തിൽ അയാൾ മാൻ ഓഫ് ദ് മാച്ച് ആയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നു. ഇന്ത്യൻ ടീമിൽ ഇതുവരെ തുടർച്ചയായി അവസരങ്ങൾ കുൽദീപിന് ലഭിച്ചിട്ടില്ല. അതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും അക്ഷറിനെയും അശ്വിനെയും ടീമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നത് വസ്തുതയാണ്. “- ജാഫർ പറയുന്നു.
ഇതോടൊപ്പം രണ്ടാം ടെസ്റ്റിൽ ഇന്ത്യ മൂന്നു പേസർമാരെ ഉൾപ്പെടുത്തിയത് ഉചിതമായ തീരുമാനമാണെന്നും ജാഫർ പറയുകയുണ്ടായി. “നല്ല സെലക്ഷൻ തന്നെയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. കാരണം പിച്ചിൽ നിന്ന് സീമർമാർക്ക് ആവശ്യമായ ചെറിയ സഹായങ്ങൾ ലഭിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു മത്സരത്തിന്റെ മൂന്നാം ഇന്നിങ്സിൽ സീമർമാർക്ക് കൂടുതൽ റോൾ ഉണ്ടാകുമെന്ന്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
വളരെ മികവാർന്ന ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ മത്സരത്തിന്റെ ആദ്യദിവസം കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 227 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽതന്നെ മത്സരത്തിന്റെ രണ്ടാം ദിവസം വളരെയേറെ നിർണായകവുമാണ്.