ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 ലേക്കുള്ള മിനി ലേലം നാളെ ഉച്ചതിരിഞ്ഞ് 2.30ന് കൊച്ചിയിൽ നടക്കുകയാണ്. 405 താരങ്ങൾ അണിനിരക്കുന്ന ലേലത്തിൽ ഒരുപാട് വമ്പൻ സ്രാവുകളുമുണ്ട്. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർമാരായ ബെൻസ്റ്റോക്സ്, സാം കരൻ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ ക്യാമറോൺ ഗ്രീൻ തുടങ്ങിയവരാണ് ലേലത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഇതിൽ മുംബൈ ടീമാവും പ്രൈം ഓൾ റൗണ്ടർ ബെൻസ്റ്റോക്സിനെ സ്വന്തമാക്കുക എന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത്.
മുംബൈക്ക് തീർച്ചയായും ആവശ്യമുള്ള കളിക്കാരൻ തന്നെയാകും സ്റ്റോക്സ് എന്ന് ചോപ്ര വിശ്വസിക്കുന്നു. “ചെന്നൈ സൂപ്പർ കിങ്സിനോ പഞ്ചാബ് കിംഗ്സിനോ സ്റ്റോക്സിനെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു 8-10 കോടി രൂപയ്ക്കുള്ളിൽ സ്റ്റോക്സിനെ ലഭിക്കുകയാണെങ്കിൽ മുംബൈ തന്നെ അയാളെ സ്വന്തമാക്കുമെന്നാണ് തോന്നുന്നത്.”-ചോപ്ര പറയുന്നു.
ഒപ്പം സ്റ്റോക്സിനായി പോരാടാൻ സാധ്യതയുള്ള മറ്റു ടീമുകളെ പറ്റിയും ചോപ്ര പറയുകയുണ്ടായി. “ലേലത്തിൽ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമാകും ബെൻ സ്റ്റോക്ക്സ്. സൺറൈസേഴ്സിന് ഒരു ടോപ് ഓർഡർ ബാറ്ററെയും നായകനെയും ആവശ്യമാണ്. അതിനാൽതന്നെ സ്റ്റോക്സിനായി പോരാടാൻ ശ്രമിക്കുന്ന ഒരു ടീം ഹൈദരാബാദ് തന്നെയാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഡൽഹി ടീമും സ്റ്റോക്സിനായുള്ള ലേലത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് ചോപ്ര വിശ്വസിക്കുന്നു. അവർക്ക് വളരെ നിലവാരമുള്ള ഓൾറൗണ്ടറെ ആവശ്യമാണെന്നും ചോപ്ര പറയുന്നു. എന്തായാലും ഇതേ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷമേ അറിയാൻ സാധിക്കൂ. ലേലം ലൈവായി സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും സംപ്രേഷണം ചെയ്യുന്നതാണ്.