ഇന്ത്യൻ ടീമിൽ അവസരങ്ങളുടെ കാര്യത്തിൽ ഏറ്റവുമധികം അവഗണിക്കപ്പെട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജുവിന് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവിനും ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഒരു തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു കുൽദീപ് കാഴ്ചവച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ നിന്ന് കുൽദീപ് ഒഴിവാക്കപ്പെട്ടു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നാല്പത് റൺസ് കുൽദീപ് നേടിയിരുന്നു. ശേഷം ബോളിങ്ങിലും കുൽദീപ് മികവുകാട്ടി. കേവലം 40 റൺസ് മാത്രം വഴങ്ങി നിർണായകമായ 5 വിക്കറ്റുകൾ കുൽദീപ് ആദ്യ ഇന്നിങ്സിൽ നേടി. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുകളും. ഈ മികവാർന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കുൽദീപ് തന്നെയായിരുന്നു മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും. എന്നാൽ ഇത്രയും നല്ല പ്രകടനത്തിനു ശേഷവും ടീമിലെ സ്ഥാനം നിലനിർത്താൻ കുൽദീപിന് സാധിച്ചില്ല.
രണ്ടാം ടെസ്റ്റിനുള്ള പിച്ചിലെ പുല്ലിന്റെ അടിസ്ഥാനത്തിൽ മൂന്ന് സീമർമാരെയും രണ്ട് സ്പിന്നർമാരെയുമാണ് ഇന്ത്യ പരിഗണിച്ചത്. അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനുമാണ് മത്സരത്തിലെ ഇന്ത്യയുടെ സ്പിന്നർമാർ. രാഹുൽ ടോസ് സമയത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞങ്ങൾ ടീമിൽ ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. കുൽദീപിന് പകരം ഉനാദ്കട്ടിനെ ഉൾപ്പെടുത്തിയിരിക്കുന്നു. കുൽദീപിനെ ഒഴിവാക്കുക എന്നത് പ്രയാസമാണ്. എന്നാൽ ജയദേവിന് ഇന്ന് അവസരം നൽകുന്നു.”- രാഹുൽ പറഞ്ഞു.
ഇതോടൊപ്പം മൈതാനത്തിന്റെ സ്വഭാവത്തെപ്പറ്റി തനിക്ക് വലിയ ധാരണയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. എന്തായാലും ഇത്ര മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനെ ഇന്ത്യ ഒഴിവാക്കിയത് വലിയ അത്ഭുതം തന്നെയാണ്. ഇത് കുൽദീപിന്റെ ആത്മവിശ്വാസത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.