ഇന്ത്യൻ ക്രിക്കറ്റ് വലിയ പ്രതിസന്ധികളിലേക്ക് പോയിരുന്ന സമയത്ത് ടീമിലെത്തി, ഇന്ത്യയെ വലിയ കൊടുമുടിയിലെത്തിച്ച നായകനാണ് എംഎസ് ധോണി. തന്റെ വെടിക്കെട്ട് ബാറ്റിംഗ് ശൈലി കൊണ്ട് ആദ്യസമയത്ത് ശ്രദ്ധപിടിച്ചുപറ്റിയ ധോണി പിന്നീട് മൈതാനത്തെ ശാന്തമായ പെരുമാറ്റം കൊണ്ടും ശ്രദ്ധയാകർഷിച്ചു. 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ 50 ഓവർ ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിലെത്തിച്ച നായകനായിരുന്നു ധോണി. ധോണിയെ താൻ ആദ്യമായി കണ്ട സംഭവത്തെപറ്റി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പറയുകയുണ്ടായി.
2004ലെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പര്യടനത്തിലാണ് ധോണി ആദ്യമായി ഇന്ത്യക്കായി കളിച്ചത്. അന്ന് ധോണിയെ കണ്ടപ്പോൾ താൻ ഗാംഗുലിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി സച്ചിൻ പറയുന്നു. “അവന്റെ ബാറ്റിൽ ബോൾ കൊള്ളുമ്പോഴുള്ള ശബ്ദം ഞാനും ഗാംഗുലിയും കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അയാൾക്കത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആവർത്തിക്കാനാവുമോ എന്നതായിരുന്നു ചോദ്യം. ആ പര്യടനത്തിൽ ധോണി അധികം റൺസ് നേടിയിരുന്നില്ല.
എന്നാൽ അയാൾ കളിച്ച കുറച്ചു ഷോട്ടുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾക്ക് പ്രത്യേകതയുള്ള എന്തോ കണ്ടത് പോലെയാണ് എന്ന് തോന്നിയത്. ഞാൻ ദാദയോട് അന്നു പറഞ്ഞു- ‘ബോളിനെ കഠിനമായി അടിച്ചുകറ്റാനുള്ള കഴിവ് അവനുണ്ട്’ “-സച്ചിൻ ടെണ്ടുൽക്കർ ഓർക്കുന്നു. “അവനെപ്പോലെ ഒരു ഹാർഡ് ഫിറ്റിംഗ് കളിക്കാരന്റെ ബാറ്റിൽ ബോൾ കൊള്ളുമ്പോൾ ഉള്ള ശബ്ദം വ്യത്യസ്തമാണ്.
ഞാനത് ഒരുപാട് കേട്ടിരുന്നു. അത് വ്യത്യസ്തമായ ഒന്നാണെന്ന് അന്ന് ഞാൻ ദാദയോട് പറഞ്ഞു. യുവരാജ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു മുൻപ് അത്തരം ശബ്ദം കേട്ടിരുന്നത്.”- സച്ചിൻ കൂട്ടിച്ചേർക്കുന്നു. അതോടൊപ്പം പിന്നീട് ധോണിയുടെ ബാറ്റിംഗ് സ്റ്റൈലിൽ മാറ്റം വന്നതായും സച്ചിൻ ടെണ്ടുൽക്കർ പറയുകയുണ്ടായി. ധോണിയുടെ ആക്രമണോത്സുക ബാറ്റിംഗ് കൂടുതൽ പക്വത നേടിയിരുന്നതായും സച്ചിൻ പറയുന്നു.