നിലവിലെ ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ക്രിക്കറ്ററാണ് ഇഷാൻ കിഷൻ. സാഹചര്യങ്ങൾ ഏതായാലും തന്റേതായ രീതിയിൽ ബോളർമാരെ അടിച്ചു തൂക്കുന്നതാണ് ഇഷാൻ കിഷന്റെ ശീലം. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലും കിഷന്റെ ഈ മികവ് നമ്മൾ കാണുകയുണ്ടായി. ശേഷം കിഷന്റെ ആക്രമണോൽസുക മനോഭാവത്തെപ്പറ്റി ഒരുപാട് ചോദ്യങ്ങളും ഉയർന്നിരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദ്ര സേവാഗിനെ കണ്ടുവളർന്നതാണ് താൻ ഇത്ര സ്ഫോടനാത്മകമായി ബാറ്റ് ചെയ്യാനുള്ള കാരണം എന്നാണ് കിഷൻ പറയുന്നത്.
സേവാഗിന്റെ ബാറ്റിംഗ് സമീപനം തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് കിഷൻ പറയുന്നു. “വീരേന്ദ്ര സേവാഗിന്റെ ഇന്നിങ്സുകൾ കണ്ടുവളർന്നത് കൊണ്ടാവാം ഞാൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത്. ബ്രറ്റ് ലീ, അക്തർ തുടങ്ങിയ ബോളർമാരെ സേവാഗ് അടിച്ചു തകർക്കുന്ന രീതി മനോഹരമാണ്. എല്ലാവരെയും സേവാഗ് അടിച്ചുതൂക്കും. ഒരു പക്ഷേ അദ്ദേഹത്തിന്റെ മത്സരങ്ങൾ കണ്ടതുകൊണ്ടാവാം എന്റെ സമീപനം ഇങ്ങനെയായത്. മാത്രമല്ല ആദം ഗിൽക്രിസ്റ്റിനെയും ഞാൻ നിരീക്ഷിച്ചിരുന്നു.”- ഇഷാൻ കിഷൻ പറയുന്നു.
ഇതോടൊപ്പം തന്റെ ഉള്ളിൽ ഏറ്റവും പ്രചോദനം നൽകിയ ക്രിക്കറ്റർ എംഎസ് ധോണിയാണെന്നും കിഷൻ പറയുകയുണ്ടായി. “ആദം ഗിൽക്രിസ്റ്റിന്റെ ബാറ്റിംഗും കീപ്പിങ്ങും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ധോണിയെ കണ്ടാണ് ഞാൻ വളർന്നത്. മൈതാനത്തും പുറത്തുമുള്ള ധോണിയുടെ ശാന്തതയും പെരുമാറ്റവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.”- കിഷൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും ധോണിയോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുള്ള ക്രിക്കറ്ററാണ് ഇഷാൻ കിഷാൻ. 2023 ഐപിഎല്ലിൽ വീണ്ടും ഇരുവരും ഒരേ സമയത്ത് മൈതാനത്ത് ഇറങ്ങും.