ഇന്ത്യൻ ക്രിക്കറ്റിന്റെയും യുവ കളിക്കാരുടെയും ആരാധനാപാത്രമാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി എപ്പോഴും. എല്ലാ കളിക്കാരും ധോണിയെ മാതൃകയാക്കാൻ ശ്രമിക്കുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്ര ബഹുമാനിക്കുന്ന ധോണിയുടെ മുകളിൽ കയറി ഒരു കാര്യം ചെയ്യാൻ യുവകളിക്കാരനോട് ആവശ്യപ്പെട്ടാലോ? നിശ്ചയമായും അവർ നിരസിക്കും. അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. ഇന്ത്യയുടെ യുവബാറ്റർ ഇഷാൻ കിഷനാണ് സംഭവത്തിലെ ഹീറോ.
റൺദീർ കുമാർ എന്നൊരു ആരാധകൻ ഇഷാൻ കിഷന്റെ അടുത്ത് ഓട്ടോഗ്രാഫിനായി കഴിഞ്ഞദിവസം എത്തുകയുണ്ടായി. സ്വാഭാവികമായും ഒരു ആരാധകന്റെ അഭ്യർത്ഥനയായതിനാൽ തന്നെ അത് ചെയ്തു കൊടുക്കാൻ കിഷൻ തീരുമാനിച്ചു. അയാൾക്ക് തന്റെ മൊബൈൽ ഫോണിന്റെ പിന്നിലായിരുന്നു ഓട്ടോഗ്രാഫ് വേണ്ടത്. ഇഷാൻ കിഷൻ ഫോൺ വാങ്ങി തിരിച്ചു നോക്കി. അവിടെ ഇന്ത്യയുടെ മുൻനായകൻ എം എസ് ധോണിയുടെ ഓട്ടോഗ്രാഫുണ്ട്. അതിനു മുകളിലൂടെ ഓട്ടോഗ്രാഫ് നൽകാനായിരുന്നു ആരാധകൻ അഭ്യർത്ഥിച്ചത്.
എന്നാൽ ധോണിയുടെ ഓട്ടോഗ്രാഫിന് മുകളിലൂടെ നൽകാൻ തനിക്ക് സാധിക്കില്ല എന്നായിരുന്നു ഇഷാൻ കിഷൻ പറഞ്ഞത്. ശേഷം മറ്റൊരിടത്ത് ഓട്ടോഗ്രാഫ് നൽകി ആരാധകന്റെ ആഗ്രഹം കിഷൻ സാധിച്ചു നൽകി. “ഇത് മഹി ഭായിയുടെ ഓട്ടോഗ്രാഫ് ആണ്. അതിനു മുകളിലാണ് അയാൾ എന്നോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. അതെനിക്ക് സാധിക്കില്ല. ഒരു കാര്യം ചെയ്യാം. ഫോണിന് പകരം മറ്റൊന്നിൽ ഞാൻ ഓട്ടോഗ്രാഫ് നൽകാം.”- ഇതായിരുന്നു കിഷൻ ആരാധകനോട് പറഞ്ഞത്.
ശേഷം കിഷൻ ഇങ്ങനെ പറഞ്ഞു.-“ഇത് നിങ്ങൾക്കൊപ്പം കാണും. പക്ഷേ ധോണി ഭായി നൽകിയ അതേ സ്ഥലത്ത് ഞാൻ എങ്ങനെയാണ് ഓട്ടോഗ്രാഫ് നൽകുന്നത്? അദ്ദേഹത്തിന് മുകളിൽ ഞാൻ എങ്ങനെ എഴുതും?”- കിഷന്റെ ഈ വാക്കുകളിൽ അടങ്ങിയിട്ടുള്ളത് ധോണിയോടുള്ള ബഹുമാനമാണെന്ന് വ്യക്തം. അത്രമാത്രം ധോണി യുവതലമുറയെ സ്വാധീനിച്ചിട്ടുണ്ട്.