ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് കീപ്പർമാരാണ് ആദം ഗിൽക്രിസ്റ്റും എം എസ് ധോണിയും. ഇരുവരും ലോകത്താകമാനമുള്ള ക്രിക്കറ്റർമാർക്ക് മാതൃക തന്നെയാണ്. തങ്ങളുടെ ആക്രമണപരമായ സമീപനവും വിക്കറ്റിന് പിന്നിലെ മികവുമായിരുന്നു ഇരുവരെയും ലോകപ്രശസ്തരാക്കിയത്. കീപ്പർ എന്നാൽ കീപ്പിംഗ് മാത്രം ചെയ്യുന്ന കളിക്കാരൻ എന്ന ലേബലിൽ നിന്ന്, ബാറ്റിംഗ് ചെയ്യുന്ന കളിക്കാരൻ എന്ന ലേബലിലേക്ക് എത്തിച്ചതിൽ ഇരുവർക്കും വലിയ പങ്കുണ്ട്. അതിനാൽ ഇവരിൽ ആരാണ് മികച്ചത് എന്ന് കണ്ടുപിടിക്കുക അനായാസമല്ല. ഇവരിൽ ആരാണ് തനിക്ക് പ്രചോദനമായിട്ടുള്ളത് എന്നാണ് ഇന്ത്യൻ കീപ്പർ ഇഷാൻ കിഷൻ ഇപ്പോൾ പറയുന്നത്.
ധോണി തന്നെയാണ് തന്റെ ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത് എന്നാണ് ഇഷാൻ കിഷൻ പറയുന്നത്. ഇതോടൊപ്പം ഗിൽക്രിസ്റ്റിനെ താൻ വളരെയധികം സ്നേഹിക്കുന്നതായും ഇഷാൻ കിഷൻ പറയുകയുണ്ടായി. “ധോണിയാണ് എനിക്ക് പ്രചോദനം. ഗിൽക്രിസ്റ്റിന്റെ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ധോണി ഭായിയെ കണ്ടാണ് ഞാൻ വളർന്നത്. മൈതാനത്തും പുറത്തും അദ്ദേഹം എങ്ങനെയാണെന്ന് ഞാൻ കണ്ടിട്ടുണ്ട്.”- ഇഷാൻ കിഷൻ പറയുന്നു.
“ധോണിയുടെ ശാന്തതയും മറ്റുള്ളവരോടുള്ള പെരുമാറ്റവുമൊക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്. ഇതിനൊക്കെയും ജീവിതത്തിൽ പ്രാധാന്യമുണ്ട്. അദ്ദേഹം കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. ചുറ്റിനും ഒരുപാട് ആളുകൾ നിൽക്കുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹമാണ് കാണിച്ചുതന്നത്.”- ഇഷാൻ കിഷൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ വളരെ മികച്ച ഫോമിൽ തന്നെയാണ് ഇഷാൻ കിഷൻ കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഒരു തകർപ്പൻ ഇരട്ടസെഞ്ച്വറി ഇഷാൻ നേടിയിരുന്നു. ശേഷം കേരളത്തിനെതിരായ രഞ്ജിട്രോഫി മത്സരത്തിലും ഇഷാൻ തന്റെ ഫോം ആവർത്തിച്ചു.