ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച മുൻനിര ബാറ്റർമാരാണ് വിരാട് കോഹ്ലിയും ബാബർ ആസാമും. ഇരുവരുടെയും ബാറ്റിംഗ് ശൈലിയും ഏകദേശം സാമ്യമാണ്. അതിനാൽതന്നെ പലരും കോഹ്ലിയെയും ബാബർ ആസാമിനെയും താരതമ്യപ്പെടുത്താറുണ്ട്. എന്നാൽ ഇരുവരും തമ്മിൽ താരതമ്യം അർഹിക്കുന്നില്ല എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ പറയുന്നത്. കോഹ്ലി, ബാബർ ആസാമിനേക്കാൾ ഒരുപാട് ഉയരത്തിലാണ് നിൽക്കുന്നത് എന്നാണ് കനേറിയയുടെ പക്ഷം.
“ബാബർ ആസാമിനെയും വിരാട് കോഹ്ലിയും താരതമ്യം ചെയ്യുന്നത് ആളുകൾ നിർത്തേണ്ട സമയമായി. വിരാട് കോഹ്ലിയും രോഹിത് ശർമയുമൊക്കെ വലിയ ക്രിക്കറ്റർമാർ തന്നെയാണ്. എന്നാൽ അവരുമായി താരതമ്യം ചെയ്യാൻ പാകത്തിന് ആരുംതന്നെ പാക്കിസ്ഥാൻ നിരയിലില്ല. സംസാരത്തിൽ പാകിസ്ഥാൻ കളിക്കാർ രാജാക്കന്മാരാണ്. എന്നാൽ മത്സരങ്ങളിൽ ഫലം നേടുന്നതിൽ അവർ പൂജ്യവുമാണ്.”- കനേറിയ പറയുന്നു.
ഇതോടൊപ്പം ബാബർ ആസാം പാക്കിസ്ഥാന്റെ ഏറ്റവും മോശം നായകനാണെന്നും കനേറിയ പറഞ്ഞു. “ബാബർ ആസാം നായകൻ എന്ന നിലയിൽ വലിയ പൂജ്യമാണ്. അയാൾ ടീമിന്റെ നായകസ്ഥാനം അർഹിക്കുന്നില്ല. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റുകളിൽ അയാൾ നല്ല നായകനല്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് എങ്ങനെയാണ് ഒരു നായകൻ എന്ന് ആസാം മക്കല്ലത്തെയും ബെൻ സ്റ്റോക്സിനെയും കണ്ടുപഠിക്കണം. അല്ലാത്തപക്ഷം അയാൾ തന്റെ സ്വാർത്ഥത മാറ്റിവെച്ച് സർഫറാസ് അഹമ്മദിന് നായകസ്ഥാനം കൈമാറണം.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0നായിരുന്നു പാകിസ്ഥാൻ പരാജയപ്പെട്ടത്. പലതരത്തിലുള്ള പിച്ചുകൾ ഉണ്ടാക്കിയിട്ടിട്ടും ഒരു തരത്തിലും ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാൻ പാക്കിസ്ഥാന് സാധിച്ചില്ല. ഈ അവസരത്തിലാണ് കനേറിയയുടെ പ്രതികരണം.