ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023ലെ സീസണിലേക്കുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ചിയിൽ വെച്ച് നടക്കുകയാണ്. ലോകത്താകമാനമുള്ള ഒരുപാട് ക്രിക്കറ്റർമാർ ലേലത്തിലേക്ക് തങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഒരാളാണ് ഇന്ത്യയുടെ പേസ് ബോളർ ഇഷാന്ത് ശർമ. 50 ലക്ഷം രൂപയാണ് ലേലത്തിൽ ഇശാന്തിന്റെ അടിസ്ഥാന തുക. എന്നാൽ ഐപിഎല്ലിന്റെ ലേലത്തിൽ ടീമുകൾ തനിക്കായി രംഗത്ത് വരുമോ എന്നതിനെപ്പറ്റി താൻ ചിന്തിക്കുന്നില്ല എന്നാണ് ഇഷാന്ത് ശർമ പറയുന്നത്.
ഇത്തരം കാര്യങ്ങൾക്ക് പകരം തന്റെ കുടുംബത്തെ പറ്റിയാണ് താൻ ചിന്തിക്കുന്നത് എന്ന് ഇഷാന്ത് ശർമ്മ പറയുന്നു. “സത്യസന്ധമായി പറഞ്ഞാൽ ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നത് ഞാൻ നിർത്തി. വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നാലും എനിക്കൊരു കുടുംബമുണ്ട്. അവരെന്നെ സ്നേഹിക്കുന്നു.എനിക്ക് കുറച്ചു നായ്ക്കൾ ഉണ്ട്. ഞാൻ മൈതാനത്ത് ചെയ്തത് അവർ അന്വേഷിക്കാറില്ല. എനിക്ക് ഭാര്യയും രക്ഷകർത്താക്കളും സുഹൃത്തുക്കളുമുണ്ട്. അവർ എന്നെ ഇഷാന്തായി മാത്രം കാണുന്നു. ക്രിക്കറ്ററായല്ല.”- ഇഷാന്ത് പറയുന്നു.
“എന്നെ ആർക്കൊക്കെ വേണം ആർക്കൊക്കെ വേണ്ട എന്ന് ഞാൻ ചിന്തിക്കാറില്ല. എനിക്ക് ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്. ഞാൻ വേഗതയിൽ ബോൾ എറിയാൻ തുടങ്ങിയപ്പോഴും മറ്റാരുടെയും നിർദ്ദേശപ്രകാരമല്ല അത് തുടർന്നത്. ഞാൻ അത് ആസ്വദിച്ചു. സത്യാസന്തമായി പറഞ്ഞാൽ ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല.”- ഇഷാന്ത് കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 93 മത്സരങ്ങൾ ഇഷാന്ത് ശർമ്മ കളിച്ചിട്ടുണ്ട്. ഇതിൽ നന്നായി 72 വിക്കറ്റുകളും ഇഷാന്ത് നേടി. എന്നാൽ 2021 നു ശേഷം ഐപിഎല്ലിൽ കളിക്കാൻ ഇഷാന്തിന് സാധിച്ചില്ല. ഇത്തവണ ഇഷാന്തിന് അതിന് അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.