ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. മത്സരഫലങ്ങൾ അനുദിനം മാറുന്നതിനനുസരിച്ച് ചാമ്പ്യൻഷിപ്പിന്റെ പട്ടികയിലും കുതിച്ചുചാട്ടങ്ങൾ ഉണ്ടാവുന്നു. നിലവിൽ ബംഗ്ലാദേശിനെ ആദ്യത്തെ ടെസ്റ്റിൽ പരാജയപ്പെടുത്തിയ ഇന്ത്യ ചാമ്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് നിലനിൽക്കുന്നത്. ഓസ്ട്രേലിയ തങ്ങളുടെ ആദ്യത്തെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതും രണ്ടാം സ്ഥാനം നേടിയെടുക്കാൻ ഇന്ത്യയെ ഒരു പരിധിവരെ സഹായിച്ചു. ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ നമുക്ക് പരിശോധിക്കാം.
1. ഇന്ത്യ ചെയ്യേണ്ട ആദ്യ കാര്യം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് വിജയിക്കുക എന്നതാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പര 1-0ന് ലീഡ് ചെയ്യുകയാണ്. രോഹിത് ശർമയും ബൂമ്രയും ജഡേജയുമില്ലാതെയായിരുന്നു ഇന്ത്യ ആദ്യ മത്സരത്തിൽ വിജയിച്ചത്. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ ടെസ്റ്റിലും വിജയം കാണേണ്ടത് ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്.
2. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഓസ്ട്രേലിയക്കെതിരെയാണ് നടക്കുന്നത്. രോഹിത് ശർമയുടെ ടീം 4 ടെസ്റ്റുകളടങ്ങുന്ന പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. 2021-23 ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ അവസാന പരമ്പരയും ഇതുതന്നെയാണ്. പരമ്പരയിലെ ഒരു പരാജയം പോലും ഇന്ത്യയെ ബാധിക്കും എന്നത് ഉറപ്പാണ്. ഒന്നുകിൽ 4-0നോ അല്ലെങ്കിൽ 3-0നോ ഇന്ത്യയ്ക്ക് പരമ്പര വിജയിച്ചെ തീരു.
3. നിലവിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര പുരോഗമിക്കുകയാണ്. ഇതിൽ ആദ്യത്തെ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചിട്ടുണ്ട്. അടുത്ത രണ്ട് ടെസ്റ്റുകളിലും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കെതിരെ വിജയം കണ്ടാൽ ഇന്ത്യക്ക് ഗുണം ചെയ്യും. ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരമ്പരയും സ്വന്തമാക്കിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താം.