ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേൽ കാഴ്ചവച്ചത്. പൂർണമായും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ തന്റെ വേരിയേഷനുകളിലൂടെ അക്ഷർ പട്ടേൽ വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി കേവലം 77 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് അക്ഷർ പട്ടേൽ വീഴ്ത്തിയത്. അക്ഷറിന്റെ ഈ പ്രകടനത്തെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നേടാൻ കെഎൽ രാഹുൽ ബോളറെ തിരഞ്ഞിരുന്ന സമയത്താണ് അക്ഷർ ഈ മികച്ച പ്രകടനം നടത്തിയത് എന്ന് കൈഫ് പറയുന്നു. “ഈ ടെസ്റ്റ് മത്സരം അക്ഷർ പട്ടേലിനെ സംബന്ധിച്ച് മറക്കാൻ സാധിക്കാത്തതാണ്. കാരണം രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. വിക്കറ്റ് വീഴ്ത്താൻ രാഹുൽ ബോളറെ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അക്ഷർ പട്ടേൽ മുൻപോട്ട് വന്നത്. ഉമേഷ് യാദവ് നേടിയ വിക്കറ്റിലും അക്ഷറുണ്ടാക്കിയ സമ്മർദ്ദം ഉണ്ടായിരുന്നു. ആ വിക്കറ്റോടെയാണ് ഇന്ത്യയുടെ മുൻപിൽ വാതിൽ തുറക്കപ്പെട്ടത്. മാത്രമല്ല മൊത്തത്തിൽ അക്ഷറിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു.”- കൈഫ് പറയുന്നു.
“ഞാൻ അക്ഷർ പട്ടേലിനെ അഭിനന്ദിക്കുകയാണ്. കാരണം ആദ്യമായാണ് അയാൾ കുക്കാബുറ ബോളിൽ പന്തെറിയുന്നത്. സാധാരണ അയാൾ ഇന്ത്യയിലാണ് കളിക്കാറ്. അവിടെ അയാൾ എസ് ജി ടെസ്റ്റ് ബോളാണ് ഉപയോഗിക്കുന്നത്. അതിന് നല്ല ഗ്രിപ്പുണ്ട്. എന്നാൽ ഈ പന്ത് കുറച്ചുകൂടി കഠിനമാണ്. അതിനാൽതന്നെ ഗ്രിപ്പ് ചെയ്യാൻ പ്രയാസവുമാണ്.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്ക് പുറത്തുള്ള അക്ഷറിന്റെ ആദ്യ ടെസ്റ്റായിരുന്നു ചിറ്റോഗ്രാമിൽ നടന്നത്. മത്സരത്തിൽ മികവ് കാട്ടാൻ അക്ഷർ പട്ടേലിന് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ അടുത്ത ടെസ്റ്റിലും ഈ മികച്ച പ്രകടനം പട്ടേൽ ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.