ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് പകരം കെ എൽ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിത്തിന് പരിക്ക് പറ്റിയ സാഹചര്യത്തിലായിരുന്നു ഈ നീക്കം. എന്നാൽ രണ്ടാമത്തെ ടെസ്റ്റിൽ രോഹിത് ശർമ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ രോഹിത് ടീമിലേക്ക് തിരികെയെത്തുമ്പോൾ ഇന്ത്യ ആരെ പുറത്തിരുത്തും എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയാണ്. ഇതിനുള്ള ഉത്തരവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
അടുത്ത മത്സരത്തിൽ രോഹിത് തിരികെ ടീമിലെത്തിയാൽ ഓപ്പണർ ശുഭമാൻ ഗിൽ പുറത്തിരിക്കേണ്ടി വരും എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. ” ഗിൽ മത്സരത്തിൽ സെഞ്ച്വറി നേടി. അയാൾ നന്നായി കളിച്ചു. എന്നിരുന്നാലും രോഹിത് ശർമ അടുത്ത മത്സരത്തിൽ ഫിറ്റാണെങ്കിൽ രാഹുലും രോഹിത്തും തന്നെയാവും ഇന്ത്യയുടെ ആദ്യ ചോയ്സ് ഓപ്പണർമാർ. നമുക്ക് രോഹിത്തിനെ പരിഗണിക്കേണ്ടിവരും. കാരണം അയാൾ നമ്മുടെ നായകനാണ്. കെഎൽ രാഹുൽ ആദ്യ മത്സരത്തിൽ അത്ര മികച്ച രീതിയിലായിരുന്നില്ല കളിച്ചത്. എന്നാൽ ഇന്ത്യ രാഹുലിനെ പുറത്തിരുത്തില്ല. “- മഞ്ജരേക്കർ പറയുന്നു.
“ശുഭമാൻ ഗിൽ പുറത്തിരിക്കേണ്ടിവരും. എനിക്ക് തോന്നുന്നു മുൻപ് രഹാനെയുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ മുൻപും സംഭവിച്ചിരുന്നു.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം അവസാനമത്സരത്തിൽ ഇന്ത്യ ബോളിങ്ങിൽ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നും മഞ്ജരേക്കർ പറയുകയുണ്ടായി.
“വിദേശ പിച്ചുകളിൽ ഇന്ത്യ അധികമായി ഒരു ബാറ്ററെ കളിപ്പിച്ചേക്കും. എന്നാൽ ഇവിടെ അവർ അഞ്ചു ബോളർമാരെ കളിപ്പിച്ചേ പറ്റൂ. അശ്വിനും അക്ഷറും ഉള്ളതിനാൽ ബാറ്റിംഗ് നമുക്കുണ്ട്. എന്നാൽ ആദ്യ ടേസിൽ സെഞ്ച്വറി നേടിയ ഗിൽ പുറത്തിരിക്കേണ്ടിവരും.”- മഞ്ജരേക്കർ പറഞ്ഞുവയ്ക്കുന്നു