ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ നിര. അത്യന്തം ആവേശകരമായ മത്സരത്തിൽ 188 റൺസിനാണ് ഇന്ത്യ വിജയം കണ്ടത്. 2022ൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. കുൽദീപ് യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും പൂജാരയുടെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടെസ്റ്റിന്റെ ആദ്യദിനം ബാറ്റ് ചെയ്ത ഇന്ത്യൻ നിര തകർച്ചയോടെയായിരുന്നു തുടങ്ങിയത്. മുൻനിരയെ നഷ്ടമായ ഇന്ത്യയെ പൂജാരയും(90) ശ്രേയസ്(86) അയ്യരും ചേർന്ന് രക്ഷിക്കുകയായിരുന്നു. കൂടാതെ വാലറ്റത്തിന്റെ സഹായം കൂടിയായപ്പോൾ ഇന്ത്യ 404 എന്ന വമ്പൻ സ്കോറിലെത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ മുഹമ്മദ് സിറാജും കുൽദീപ് യാദവും ചേർന്ന് കറക്കി വീഴ്ത്തി. കുൽദീപ് ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ, സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അങ്ങനെ ഇന്ത്യ 254 റൺസിന്റെ ലീഡ് നേടി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പൺ ശുഭമാൻ ഗില്ലും ചേതേശ്വർ പൂജാരയും നിറഞ്ഞാടി. ഇരുവരും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറികളും നേടി. അങ്ങനെ ഇന്ത്യ 258ന് 2 എന്ന ശക്തമായ നിലയിൽ ഡിക്ലയർ ചെയ്തു. 513 റൺസായിരുന്നു ബംഗ്ലാദേശിന്റെ മുൻപിലേക്ക് ഇന്ത്യ വെച്ച് നീട്ടിയ ലക്ഷ്യം. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മികച്ച തുടക്കം തന്നെ ബംഗ്ലാദേശ് ബാറ്റർമാർക്ക് ലഭിച്ചു. എന്നാൽ ഇന്ത്യ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മാത്രമല്ല ഇന്ത്യയുടെ മുഴുവൻ ബോളർമാരും വിക്കറ്റ് കണ്ടെത്തുകയും ചെയ്തു. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്. ഈ മാസം 22നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.