ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് തോന്നിയിരുന്നുവെങ്കിലും വളരെ മികച്ച രീതിയിൽ തന്നെയാണ് രാഹുൽ ഇതുവരെ ഇന്ത്യയെ നയിച്ചത്. കൃത്യമായ ബോളിംഗ് മാറ്റങ്ങളും തീരുമാനങ്ങളുമായി മത്സരത്തിന്റെ നാലു ദിവസവും രാഹുൽ കളംനിറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ ടെസ്റ്റിലെ നായകത്വമികവിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ബോളിങ് കോച്ച് പരസ് മാമ്പ്രയാണ്.
നാലാം ദിവസത്തെ മത്സരത്തിനുശേഷം പത്രസമ്മേളനത്തിൽ രാഹുലിന്റെ നായകത്വത്തെ പറ്റി ചോദ്യം ഉയർന്നിരുന്നു. അതിനു മാമ്പ്ര നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “ഞങ്ങൾ നായകനുമായി ചർച്ചകൾ നടത്താറുണ്ട്. പലപ്പോഴും മൈതാനത്ത് നായകന് എന്താണ് തോന്നുന്നത് അതനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതിനാൽ തന്നെ ബോളിങ്ങിൽ വരുത്തിയ മാറ്റങ്ങളിൽ പ്രശംസയർഹിക്കുന്നത് രാഹുൽ തന്നെയാണ്. അയാൾ വളരെ നന്നായി ബോളർമാരെ റൊട്ടേറ്റ് ചെയ്തു. ഫാസ്റ്റ് ബോളർമാരെ നന്നായി ഉപയോഗിച്ചു.”- മാമ്പ്ര പറയുന്നു.
“ഫാസ്റ്റ് ബോളർമാർ ദൈർഘമേറിയ സ്പെല്ലാണ് എറിയുന്നതെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ രാഹുൽ സ്പിന്നർമാർക്ക് ബോൾ കൈമാറി. നന്നായി റൊട്ടേറ്റ് ചെയ്തു. ന്യൂബോൾ എടുക്കുന്ന കാര്യത്തിലും തീരുമാനം കൃത്യമായിരുന്നു. അതിലൂടെ ഞങ്ങൾക്ക് വിക്കറ്റുകളും ലഭിച്ചു. നല്ല തീരുമാനങ്ങളാണ് രാഹുൽ മൈതാനത്ത് എടുത്തത്.”- മാമ്പ്ര പറയുന്നു.
ടെസ്റ്റിന്റെ നാലാം ദിവസം പൂർണ്ണമായും ബാറ്റിംഗിനെ അനുകൂലിക്കുന്ന വിക്കറ്റായിരുന്നു ചിറ്റോഗ്രാമിലേത്. എന്നാൽ കൃത്യമായ തന്ത്രങ്ങളിലൂടെ ഇന്ത്യ ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകൾ കൊയ്തു. അവസാന ദിവസം അവശേഷിക്കുന്ന വിക്കറ്റുകൾ നേടി ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.