കഴിഞ്ഞ കുറച്ചധികം സമയങ്ങളായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ചെതേശ്വർ പൂജാര. കഴിഞ്ഞ നാലു വർഷങ്ങളിൽ പൂജാരയ്ക്ക് ഒരു സെഞ്ച്വറി പോലും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ശേഷം പൂജാര ഇംഗ്ലീഷ് കൗണ്ടിൽ ക്രിക്കറ്റിൽ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ശേഷം ടീമിലേക്ക് തിരികെയെത്തിയ പൂജാര ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുകയുണ്ടായി. പൂജാരയുടെ ഈ ഇന്നിങ്സിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.
“പുജാര ഇന്ത്യക്കായി 19 ടെസ്റ്റുകളിൽ സെഞ്ചുറി നേടിയിട്ടുണ്ട്. അതിനാൽതന്നെ കഴിഞ്ഞ 1443 ദിവസങ്ങളിൽ പൂജാര സെഞ്ചുറി നേടിയില്ല എന്ന് പറയുമ്പോൾ അതൊരു വലിയ കാലയളവ് തന്നെയാണ്. കോഹ്ലിയും പൂജാരയും ഒരുമിച്ച് ഒരുപാട് നാളായി ഇന്ത്യക്കായി കളിക്കുകയാണ്. അവരുടെ ടെസ്റ്റ് കരിയർ ഒരുപോലെയാണ് നീങ്ങുന്നത്. അതിനാൽ തന്നെ ഇരുവരും തിരികെയെത്തിയത് ഇന്ത്യക്ക് ഗുണമാണ്.”- ജഡേജ പറയുന്നു.
“പൂജാരയുടെ വാഗൺ വീൽ ഇന്ന് വളരെ വ്യത്യസ്തമായിരുന്നു. കാരണം ഇന്നത്തെ അയാളുടെ മാനസികാവസ്ഥയും സമീപനവും വ്യത്യസ്തമായിരുന്നു. അയാൾ അയാളുടേതായ സ്റ്റൈലിലും മികച്ച കളിക്കാരനാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അയാൾക്ക് വ്യത്യസ്തമായി കളിക്കേണ്ടിവന്നു. മാനസികാവസ്ഥ മത്സരത്തിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുജാര തന്റെ ഇന്നിംഗ്സിലൂടെ ഇന്ന് വരച്ചുകാട്ടി.”- ജഡേജ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ 28 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറിനേടാൻ പൂജാരയ്ക്ക് സാധിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 90 റൺസ് നേടിയെങ്കിലും നിർഭാഗ്യവശാൽ മൂന്നക്കം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഈ കണക്ക് തീർത്തിരിക്കുകയാണ് പൂജാര.