ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ ബാറ്റർ ചെതേശ്വർ പൂജാര കാഴ്ചവച്ചത്. മത്സരത്തിൽ മൂന്നാമതായിറങ്ങിയ പൂജാര 102 റൺസാണ് നേടിയത്. ഈ ഇന്നിങ്സ് ഇന്ത്യയെ മികച്ച ഒരു നിലയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചധികം നാളുകളായി സെഞ്ച്വറി നേടാൻ ബുദ്ധിമുട്ടിയ പൂജാരയ്ക്ക് ലഭിച്ച ആശ്വാസം തന്നെയായിരുന്നു ബംഗ്ലാദേശിനെതിരെ പിറന്നത്. ഈ സെഞ്ചുറി പൂജാരയെ ഒരു പരിധിവരെ ശാന്തനാക്കും എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്.
“നമ്മളെല്ലാവരും കണ്ടിട്ടുള്ളത് പൂജാര ഒരു പ്രത്യേക ടെമ്പോയിൽ റൺസ് നേടുന്നതാണ്. വലിയ സ്ട്രൈക്ക് റേറ്റിലോന്നും ആയിരുന്നില്ല പൂജാര റൺസ് കണ്ടെത്തിയിരുന്നത്. സാധാരണയായി അയാൾ ബോളുകൾ പ്രതിരോധിച്ച് സമ്മർദ്ദങ്ങളെ കീഴ്പെടുത്തുകയാണ് ചെയ്യാറുള്ളത്. എന്നാൽ ബംഗ്ലാദേശിനെതിരെ കൂടുതൽ ആക്രമണപരമായി പൂജാര കളിച്ചു. അത് കാണാൻ തന്നെ നന്നായിരുന്നു.”- ദിനേശ് കാർത്തിക് പറയുന്നു.
“ഇത്തരത്തിലുള്ള ആത്മവിശ്വാസം പൂജാരക്ക് വന്നുചേർന്നത് സസെക്സ് ടീമിനോടൊപ്പമുള്ള മികച്ച പ്രകടനത്തിലൂടെ തന്നെയാണ്. കുറച്ചധികം കാലമായി തനിക്ക് നേടാൻ സാധിക്കാതിരുന്ന സെഞ്ച്വറിയാണ് പൂജാര മത്സരത്തിൽ നേടിയത്. ഈ ഇന്നിങ്സ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് അയാളെ കൂടുതൽ ശാന്തനാക്കുകയും ചെയ്യും.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.
1443 ദിവസങ്ങൾക്ക് ശേഷമാണ് പൂജാര ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത്. മത്സരത്തിൽ പൂജാരയുടെ ഈ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മേൽക്കോയ്മ നേടി കൊടുത്തത്. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 10 വിക്കറ്റുകളും ബാക്കി നിൽക്കേ 471 റൺസാണ് ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടത്.