വിരാട് കോഹ്ലിയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട വലിയ ബാറ്റാറാണ് അവൻ!! വസീം ജാഫർ യുവതാരത്തെ പറ്റി പറയുന്നു!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഓപ്പണറായിറങ്ങിയ ഗിൽ ബംഗ്ലാദേശ് ബോളർമാരെ അനായാസം അടിച്ചു തൂക്കുകയായിരുന്നു. 152 പന്തുകൾ നേരിട്ട ഗിൽ 110 റൺസ് നേടി. പത്തു ബൗണ്ടറികളും മൂന്നു സിക്സറുകളും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്ലിക്ക് ശേഷം ഉണ്ടായിരിക്കുന്ന അടുത്ത വലിയൊരു ക്രിക്കറ്ററാണ് ശുഭ്മാൻ ഗിൽ എന്നാണ് വസീം ജാഫർ പറയുന്നത്.

   

ശുഭ്മാൻ ഗിൽ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയെ വസീം ജാഫർ പ്രകീർത്തിക്കുന്നു. “സെഞ്ച്വറി നേടാനായത് നല്ല കാര്യമാണ്. രണ്ടുമൂന്നു പ്രാവശ്യം ഗില്ലിന് സെഞ്ചുറി നേടാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആ ശകുനകേട് അയാളിൽ നിന്ന് പോയതിൽ എനിക്ക് സന്തോഷമുണ്ട്. കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഉയർന്നു വന്ന മറ്റൊരു വലിയ ബാറ്ററാണ് ശുഭ്മാൻ ഗിൽ. എന്നെ സംബന്ധിച്ച് അയാൾ മൂന്നു ഫോർമാറ്റിനും പറ്റുന്ന ഒരു ക്രിക്കറ്ററാണ്.”- വസീം ജാഫർ പറയുന്നു.

   

ഗില്ലിന് മധ്യനിര ബാറ്ററായും കളിക്കാൻ സാധിക്കും എന്നാണ് വസീം ജാഫർ വിശ്വസിക്കുന്നത്. “തന്റെ സംസ്ഥാന ടീമിനായി മധ്യനിരയിലാണ് ശുഭ്മാൻ ഗിൽ കളിച്ചിരുന്നത്. അയാൾക്ക് അത് ശീലമായിരുന്നു. ഓപ്പണറായിരിക്കെ തന്നെ അയാളെ മധ്യനിരയിൽ ഇറക്കിയാലും അയാൾക്കത് വലിയ പ്രശ്നമല്ല. കാരണം സ്പിന്നിനെതിരെ മികച്ച കളിക്കാരൻ തന്നെയാണ് ശുഭ്മാൻ ഗിൽ.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

   

രണ്ടാം ഇന്നിങ്സിൽ ഗില്ലിന്റെയും പൂജാരയുടെയും വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ 258 ന് 2 എന്ന നിലയിൽ എത്തിയത്. ഈ പ്രകടനത്തോടെ ഇന്ത്യക്ക് തങ്ങളുടെ ലീഡ് 512 ലേക്ക് ഉയർത്താൻ സാധിച്ചു. മത്സരത്തിൽ ഇന്ത്യ ഇപ്പോൾ വിജയത്തിനരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *