ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ അഴിഞ്ഞാടി പൂജാര. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിന് ശേഷം രണ്ടാം ഇന്നിങ്സിലും പൂജാര നിറഞ്ഞാടി. ഇന്നിംഗ്സിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടിയാണ് പൂജാര കളംവിട്ടത്. ഇതോടെ കഴിഞ്ഞ കുറച്ചധികം നാളുകളായുള്ള പൂജാരയുടെ സെഞ്ച്വറി ക്ഷാമവും അവസാനിച്ചിരിക്കുകയാണ്. 51 ഇന്നിംഗ്സുകൾക്ക് ശേഷമാണ് പൂജാര ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 254 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യക്കായി ശുഭമാൻ ഗില്ലും രാഹുലും പതിയെയാണ് തുടങ്ങിയത്. 23 റൺസെടുത്ത രാഹുൽ കൂടാരം കയറിയ ശേഷമായിരുന്നു പൂജാര ക്രീസിലേത്തിയത്. ആദ്യസമയത്ത് ഗില്ലിനെ പിന്തുണച്ചായിരുന്നു പൂജാര കളിച്ചത്. ഇരുവരും നല്ല റേറ്റിൽ തന്നെ സ്കോർ കണ്ടെത്തി. സെഞ്ച്വറി നേടിയ ഗിൽ കൂടാരം കേറിയ ശേഷമായിരുന്നു പൂജാര തന്റെ സംഹാരം ആരംഭിച്ചത്.
ഗില് പുറത്തായ ശേഷം ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിൽ പൂജാര അടിച്ചു കളിച്ചു. മറുവശത്ത് വിരാട് കോഹ്ലിയെ ദൃക്സാക്ഷിയാക്കി നിർത്തി പൂജാര ബൗണ്ടറികൾ നേടി. മത്സരത്തിൽ വെറും 130 പന്തുകളിലായിരുന്നു പൂജാര തന്റെ സെഞ്ച്വറി നേടിയത്. ഈ തകർപ്പൻ ഇന്നിംഗ്സിൽ 13 ബൗണ്ടറികളും ഉൾപ്പെട്ടു. ഈ പ്രകടനത്തോടെ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലുമായി 192 റൺസാണ് പൂജാര നേടിയത്. ഒരു വലിയ തിരിച്ചുവരവ് എന്ന നിസംശയം നമുക്ക് പറയാനാവും.
പൂജാരയുടെയും ഗില്ലിന്റെയും തകർപ്പൻ ഇന്നിങ്സുകളുടെ ബലത്തിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 258 റൺസാണ് ഇന്ത്യ നേടിയത്. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 513 റൺസായി ഉയർന്നു. എന്തായാലും ഇനി കാര്യങ്ങൾ ബംഗ്ലാദേശിനെ അത്ര എളുപ്പമാകില്ല.