62 പന്തുകളിൽ 23 റൺസ്!! ഇതാണോ രാഹുൽ പറഞ്ഞ അറ്റാക്കിങ് സമീപനം!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് നായകൻ കെ എൽ പത്രസമ്മേളനത്തിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായിരുന്നു. തങ്ങൾ ആക്രമണപരമായ രീതിയിലാവും വരുന്ന ടെസ്റ്റിൽ കളിക്കുക എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും ഇതിന് വിപരീതമായ രീതിയിലാണ് രാഹുൽ ബാറ്റുവീശിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് സ്കോറിംഗ് റേറ്റ് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നിട്ടും രാഹുൽ തണുപ്പൻ സമീപനം തന്നെ കൈകൊണ്ടു.

   

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ രാഹുൽ ഇന്ത്യക്കായി വളരെ പതിയെ തന്നെയായിരുന്നു കളിച്ചത്. ആദ്യ ഇന്നിങ്സിൽ 54 പന്തുകൾ നേരിട്ട രാഹുൽ 22 റൺസ് മാത്രമാണ് നേടിയത്. എന്നാൽ മറ്റു ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ മത്സരത്തിൽ 404 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്സ് 150 റൺസിൽ അവസാനിച്ചു. 254 റൺസിന്റെ ലീഡ് നിലനിന്നിട്ടും രാഹുൽ ഫോളോ ഓൺ ചെയ്തില്ല.

   

ഈ സാഹചര്യത്തിൽ ഇന്ത്യ അതിവേഗം റൺസ് നേടി ബംഗ്ലാദേശിനെ ചുരുട്ടികെട്ടും എന്ന് എല്ലാവരും കരുതി. എന്നാൽ രണ്ടാം ഇന്നിങ്സിലും രാഹുൽ ആക്രമണപരമായല്ല കളിച്ചത്. 62 പന്തുകൾ നേരിട്ട രാഹുൽ നേടിയത് 23 മാത്രമാണ്. മറുവശത്ത് ശുഭമാൻ ഗിൽ തന്റെ സ്കോറിങ് ഉയർത്തിയപ്പോഴും രാഹുലിന് അത് സാധിക്കാതെ വന്നു. രാഹുലിന്റെ ഈ തണുപ്പൻ ഇന്നിങ്സിനെതിരെ ഒരുപാട് വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയുണ്ടായി.

   

സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത് ഇതിനെയാണോ രാഹുൽ ആക്രമണപരമായ ക്രിക്കറ്റ് എന്ന് വിളിക്കുന്നത് എന്നാണ്. ഒപ്പം ഇത്രയധികം ലീഡ് ലഭിച്ചിട്ടും ഈ ചെറിയ റേറ്റിൽ സ്കോർ ചെയ്തത് മണ്ടത്തരമാണെന്ന് ആരാധകർ പറയുന്നു. എന്തായാലും മത്സരത്തിൽ ഇന്ത്യ ഇപ്പോൾ മികച്ച അവസ്ഥയിലാണുള്ളത്. വലിയൊരു സ്കോറിലേക്ക് ഇന്ത്യ കുതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *