ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് അവഗണനകൾ നേരിട്ട ക്രിക്കറ്ററാണ് കുൽദീപ് യാദവ്. 2019 ന് ശേഷം ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ കുൽദീപിന് സാധിച്ചിരുന്നില്ല. എന്നാൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ എല്ലാത്തിന്റെയും കണക്കുതീർക്കുന്ന പ്രകടനം തന്നെയാണ് കുൽദീപ് കാഴ്ചവച്ചിരിക്കുന്നത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്കായി കുൽദീപ് പൂർണമായും നിറഞ്ഞാടുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യൻ നിരയുടെ വാലറ്റത്തായിരുന്നു കുൽദീപ് ബാറ്റ് ചെയ്തത്. അശ്വിനോപ്പം ചേർന്ന് ഇന്ത്യയ്ക്ക് മികച്ച ഒരു സ്കോർ നൽകാൻ കുൽദീപിന് സാധിച്ചു. മത്സരത്തിൽ 40 റൺസായിരുന്നു കുൽദീപ് യാദവ് നേടിയത്. ശേഷം ബോളിങ്ങിലും ഈ പ്രകടനം ആവർത്തിച്ചു. രണ്ടാം ദിവസം 33 റൺസ് മാത്രം വിട്ടുനൽകി ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകൾ കുൽദീപ് യാദവ് വീഴ്ത്തിയിട്ടുണ്ട്. കൃത്യമായ ആത്മവിശ്വാസത്തോടെ പിഴുതെറിഞ്ഞതാണ് ഈ വിക്കറ്റുകളൊക്കെയും. രണ്ടാം ദിവസം ബംഗ്ലാദേശിന്റെ എട്ടു വിക്കറ്റുകൾ പിഴുതെറിയാൻ ഇന്ത്യയ്ക്ക് സാധിച്ചതും കുൽദീപിന്റെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു.
ഇതുവരെ ഇന്ത്യക്കായി എട്ട് ടെസ്റ്റ് മത്സരങ്ങളാണ് കുൽദീപ് യാദവ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 30 വിക്കറ്റുകൾ യാദവ് നേടിയിട്ടുണ്ട്. 21ആണ് കുൽദീപിന്റെ ശരാശരി. എന്തായാലും രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ സോഷ്യൽ മീഡിയയിലടക്കം കുൽദീപ് യാദവാണ് താരം. കുൽദീപിന്റെ തിരിച്ചുവരവ് അങ്ങേയറ്റം ആവേശത്തോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് കൃത്യമായ ആധിപത്യം നിലവിലുണ്ട്. മൂന്നാം ദിവസം എത്രയും വേഗം ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പിഴുത് വിജയത്തിലേക്ക് കുതിക്കാനാവും ഇന്ത്യ ശ്രമിക്കുക. ആ സാഹചര്യത്തിൽ രണ്ടാം ഇന്നിങ്സിലും കുൽദീപിന്റെ ഈ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ആവശ്യമാണ്.