ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കൃത്യമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. വാലറ്റ ബാറ്റർമാരുടെ മികച്ച പ്രകടനവും ബോളർമാരുടെ കൃത്യമായ സമീപനവുമാണ് ഇന്ത്യയെ രണ്ടാം ദിവസം രക്ഷിച്ചത്. മത്സരത്തിൽ മൂന്നു ദിവസങ്ങൾ അവശേഷിക്കെ ഇന്ത്യക്ക് വിജയം നേടാനുള്ള സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയെക്കാൾ 271 റൺസിന് പിന്നിലാണ് ബംഗ്ലാദേശ്. അവർക്ക് അവശേഷിക്കുന്നത് രണ്ടു വിക്കറ്റുകൾ മാത്രമാണ്.
ആദ്യദിനം പൂജാരയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ ആധിപത്യം സ്ഥാപിച്ച ഇന്ത്യയെ രണ്ടാം ദിവസം മികച്ച സ്കോറിലെത്തിച്ചത് അശ്വിനും കുൽദീപ് യാദവുമായിരുന്നു. മത്സരത്തിൽ അശ്വിൻ 58 റൺസ് നേടിയപ്പോൾ 40 റൺസാണ് കുൽദീപ് നേടിയത്. ഇരുവരുടെയും ബാറ്റിംഗിന്റെ മികവിന് 404 എന്ന വമ്പൻ സ്കോറിൽ ഇന്ത്യ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ആദ്യബോള് മുതൽ പതറുന്ന ബംഗ്ലാദേശിനെയാണ് കാണാനായത്. ആദ്യഭാഗത്ത് മുഹമ്മദ് സിറാജ് ബംഗ്ലാദേശിന് ഭീഷണിയുയർത്തി. മൂന്നു വിക്കറ്റുകളാണ് സിറാജ് നേടിയത്. പിന്നാലെ വലിയ ഇടവേളക്കു ശേഷം എത്തിയ കുൽദീപ് യാദവും ഇന്ത്യക്കായി മികവുകാട്ടി. 10 ഓവറുകൾ എറിഞ്ഞ കുൽദീപ് 33 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ബംഗ്ലാദേശ് നിരയിൽ ഒരു ബാറ്റർക്ക് പോലും 30 റൺസിന് മുകളിൽ നേടാൻ സാധിച്ചില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
പൂർണ്ണമായും നോക്കുമ്പോൾ രണ്ടു ദിവസങ്ങളിലും ബോളിങ്ങിലും ബാറ്റിങ്ങിലും മികവാർന്ന പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സിൽ അവശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി പെട്ടെന്ന് വീഴ്ത്തി ഫോളോ ഓൺ ചെയ്യിക്കാനാവും ഇന്ത്യ ശ്രമിക്കുക. അങ്ങനെയെങ്കിൽ ഇന്ത്യ വിജയത്തിന് അടുത്ത് തന്നെയാണുള്ളത്.