ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യയുടെ ബാറ്റർ പന്ത് കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ നിർണായക സമയത്തായിരുന്നു പന്ത് ക്രീസിലെത്തിയത്. ശേഷം ആദ്യ ബോൾ മുതൽ പന്ത് അടിച്ചു തകർക്കുന്നതാണ് കണ്ടത്. ഇതോടെ ബംഗ്ലാദേശ് സമ്മർദ്ദത്തിലാവുകയും ഇന്ത്യക്ക് റൺസ് കണ്ടെത്താൻ സാധിക്കുകയും ചെയ്തു. മത്സരത്തിൽ 45 പന്തുകളിൽ 46 റൺസായിരുന്നു പന്ത് നേടിയത്. പന്തിന്റെ ഈ ആക്രമണോത്സുക ബാറ്റിംഗ് ശൈലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം.
പന്ത് തന്റെ കരിയറിലുടനീളം വലിയ ഇന്നിങ്സുകൾ കളിക്കാൻ ഇത്തരം ആക്രമണ സ്വഭാവമാണ് തുടരുന്നത് എന്നാണ് സാബാ കരീം പറയുന്നത്. “പന്ത് വലിയ ഇന്നിങ്സുകൾ കളിച്ചപ്പോഴൊക്കെയും അയാളുടെ സമീപനം ഇത്തരത്തിൽ ആയിരുന്നു. ഇംഗ്ലണ്ടിലായാലും ഓസ്ട്രേലിയയിലായാലും അയാൾ അതുതന്നെ ചെയ്യും. ക്രീസിലെത്തിയ ഉടൻതന്നെ അയാൾ ആക്രമണപരമായ ഷോട്ടുകൾ കളിക്കും. അതോടെ എതിർ ടീം സമ്മർദ്ദത്തിലാവുകയും ഫീൽഡിങ് വ്യാപിപ്പിക്കുകയും ചെയ്യും. ശേഷം റൺസ് കണ്ടെത്തുക അനായാസകരമാവും.”- കരീം പറയുന്നു.
ഇന്നിംഗ്സിൽ പന്തിന്റെ ഈ സമീപനം പൂജാരക്ക് കാര്യങ്ങൾ എളുപ്പമാക്കി എന്നും കരീം പറയുന്നു. “പൂജാര എന്നും ഈ സമീപനമാണ് തുടരുന്നത്. പൂജാരയ്ക്ക് പന്തിന്റെ ഇന്നിങ്സ് ഗുണം ചെയ്തിട്ടുണ്ട്. പന്ത് സ്പിന്നർമാരുടെ കൃത്യത ഇല്ലാതാക്കുന്നതിനും, അവരെ താളം തെറ്റിക്കുന്നതിനും ശ്രമിച്ചു. ഇത്തരം ബാറ്റർമാർ ടീമിൽ ഉള്ളതുകൊണ്ടുള്ള ഒരു ഗുണം അതാണ്.”- കരീം കൂട്ടിച്ചേർക്കുന്നു.
പൂജാരയുമൊത്ത് നാലാം വിക്കറ്റിൽ 64 റൺസിന്റെ കൂട്ടുകെട്ടായിരുന്നു പന്ത് കെട്ടിപ്പടുത്തത്. ഇന്ത്യ 48ന് 3 എന്ന അവസ്ഥയിൽ നിൽക്കുമ്പോഴായിരുന്നു പന്ത് ക്രീസിലേത്തിയത്. ശേഷം പന്തിന്റെ ഇന്നിംഗ്സ് ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നു.