കേരളത്തിന്റെ രക്ഷകനായി അക്ഷയ് ചന്ദ്രനും സിജോമോനും!! ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ!!

   

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ രക്ഷകനായി അക്ഷയ് ചന്ദ്രൻ. ജാർഖണ്ഡിനെതിരായ മത്സരത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ കേരളത്തെ അക്ഷയ് ചന്ദ്രൻ കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ 268 പന്തുകളിൽ 150 റൺസാണ് അക്ഷയ് ചന്ദ്രൻ നേടിയത്. ഇതോടെ 222ന് 6 എന്ന നിലയിൽ തകർന്ന കേരളം ഇപ്പോൾ 475 റൺസിൽ എത്തിയിട്ടുണ്ട്.

   

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ പ്രേമും(79) രോഹൻ കുന്നുമ്മലും(50) മികച്ച തുടക്കമായിരുന്നു കേരളത്തിന് നൽകിയത്. എന്നാൽ പിന്നീട് വന്ന റോജറിനും സച്ചിൻ ബേബിക്കും അത് മുതലെടുക്കാൻ സാധിച്ചില്ല. ശേഷമെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ 72 റൺസ് നേടിയെങ്കിലും കേരളം തകർച്ചയിലായി. ഈ സമയത്തായിരുന്നു അക്ഷയ് ചന്ദ്രൻ ക്രീസിൽ എത്തിയത്.

   

തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതൽ അക്ഷയ് ഒരു ടെസ്റ്റിന്റെ എല്ലാ ആർജ്ജവത്തോടെയുമാണ് കളിച്ചത്. എട്ടാമനായിറങ്ങിയ സിജോമോനും(83) ക്രീസിലുറച്ചത്തോടെ അക്ഷയ് ചന്ദ്രന് കാര്യങ്ങൾ എളുപ്പമായി മാറി. വളരെ പതിയെ ഇന്നിങ്സ് കെട്ടിപ്പൊക്കിയ ഇരുവരും ഏഴാം വിക്കറ്റിൽ 171 റൺസാണ് കൂട്ടിച്ചേർത്തത്. തകർച്ചയിലായിരുന്ന കേരളത്തെ മികച്ച നിലയിൽ ഇരുവരും എത്തിച്ചിട്ടുണ്ട്.

   

ആദ്യം ഇന്നിങ്സിൽ അക്ഷയ് ചന്ദ്രന്റെ മികവിൽ 475 റൺസാണ് കേരളം നേടിയത്. ഏത് അളവിൽ നോക്കിയാലും ഭേദപ്പെട്ട സ്കോർ തന്നെയാണ് കേരളം കെട്ടിപ്പൊക്കിയിരിക്കുന്നത്. ജാർഖണ്ഡ് ടീമിനായി 5 വിക്കറ്റ് നേടിയ ഷഹബാസ് നദീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. എന്തായാലും ജാർഖണ്ഡിനെ ആദ്യ ഇന്നിങ്സിൽ ചുരുട്ടിക്കെട്ടി ലീഡ് കണ്ടെത്താൻ തന്നെയാവും കേരളം ഇനി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *