കഴിഞ്ഞ സമയങ്ങളിലെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളിൽ നിഴലിച്ച ഒരുപാട് പ്രശ്നങ്ങളുണ്ട്. ട്വന്റി20 ലോകകപ്പിലും ഏഷ്യകപ്പിലുമൊക്കെ പരാജയം ഏറ്റുവാങ്ങിയതോടെ അതിന്റെ കാരണങ്ങൾ അന്വേഷിച്ച് പലരും ഒരുപാട് യാത്ര ചെയ്തു. അതിൽ നിന്ന് ഒരുപാട് പേർ കണ്ടെത്തിയ ഉത്തരം ഐപിഎല്ലിന്റെ കടന്നുകയറ്റം തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിനെ ഐപിഎൽ ദോഷമായി ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരവുമായി എത്തിയിരിക്കുന്നത് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗാണ്.
ഇന്ത്യൻ ക്രിക്കറ്റിനെയും യുവ കളിക്കാരെയും ഐപിഎൽ ദോഷമായി ബാധിക്കുന്നുണ്ട് എന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. “ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ട്. ഈ സിസ്റ്റത്തിലൂടെ കടന്നുവരുന്ന യുവ കളിക്കാർ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഐപിഎല്ലിൽ തന്നെയാണ്. കാരണം അതിൽ നിന്ന് അവർക്ക് കുറച്ചധികം പണം ലഭിക്കും. മാത്രമല്ല വളരെ പെട്ടെന്ന് നടക്കുന്ന ചെറിയ ഫോർമാറ്റാണ് ട്വന്റി20 ക്രിക്കറ്റ്. അതിനാൽതന്നെ പണമുണ്ടാക്കാൻ എളുപ്പമുള്ള വഴിയും അതുതന്നെ.”- ബ്രാഡ് ഹോഗ് പറയുന്നു.
“യുവതാരങ്ങൾ ഇങ്ങനെ ട്വന്റി20 കൂടുതലായി ശ്രദ്ധിക്കുമ്പോൾ അവർക്ക് വലിയ ഫോർമാറ്റിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ എങ്ങനെ വിക്കറ്റുകൾ സ്വന്തമാക്കണമെന്നോ , എങ്ങനെ റൺസ് കണ്ടെത്തണമെന്നോ അവർക്ക് അറിയാൻ സാധിക്കാതെ പോകുന്നു. വിരാട് കോഹ്ലിയെയോ രോഹിത് ശർമയെയോ പോലെയുള്ള കളിക്കാരെ ഐപിഎൽ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ ആദ്യ മത്സരങ്ങൾ കളിക്കുന്ന യുവകളിക്കാരെ ഇത് ദോഷമായി ബാധിക്കും.”- ബ്രാഡ് ഹോഗ് പറയുന്നു.
ഇന്ത്യയുടെ സമീപകാലത്തിലെ പിന്നോട്ടുള്ള പോക്കിന് ഐപിഎൽ ഒരു കാരണമായിട്ടുണ്ട് എന്ന് തന്നെയാണ് ബ്രാഡ് ഹോഗ് വിശ്വസിക്കുന്നത്. ഒപ്പം യുവകളിക്കാർ എല്ലാ ഫോർമാറ്റിലും ശ്രദ്ധകേന്ദ്രീകരിക്കാൻ തയ്യാറാവണമെന്നും ഹോഗ് പറഞ്ഞുവെക്കുന്നു.