ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നാളെ ചിറ്റോഗ്രാമിൽ ആരംഭിക്കുകയാണ്. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ പരമ്പരയിൽ നയിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനം പലരും ഉറ്റുനോക്കുന്നുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയെ അനുഭവസമ്പത്തില്ലായ്മ അലട്ടുമെന്നാണ് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ അഞ്ജും ചോപ്ര പറയുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ ബാറ്റിംഗ് ശക്തമാണെന്ന് അഞ്ജും സമ്മതിക്കുന്നു.
“ഇന്ത്യയുടെ മുൻനിരയിൽ പരിചയസമ്പത്തിലുള്ള കുറവ് നമുക്ക് വ്യക്തമാണ്. നായകൻ രോഹിത് ശർമയുടെ അഭാവമാണ് ഇതിന് കാരണം. എന്നിരുന്നാലും ബാക്കി കളിക്കാരൊക്കെയും ഇവിടെയുണ്ട്. കെ എൽ രാഹുലും പൂജാരയും പന്തും ഇവിടെയുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് ഏകദേശം ഉറച്ചത് തന്നെയാണ്. അതിനാൽതന്നെ ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടാവാൻ സാധ്യതയില്ല. ഒപ്പം പുതിയ കാര്യങ്ങളൊന്നും സംഭവിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.”- അഞ്ജും ചോപ്ര പറയുന്നു.
ഇതോടൊപ്പം മത്സരത്തിലെ ഇന്ത്യയുടെ ബോളിംഗ് വിഭാഗത്തെപ്പറ്റിയും ചോപ്ര സംസാരിക്കുകയുണ്ടായി. “ഇന്ത്യയുടെ ബോളിംഗ് നിരയിൽ സ്പിൻ ബോളർമാർക്കാണ് ആധിപത്യം. അതിനാൽതന്നെ അവർ അക്ഷർ പട്ടേലിനെയും അശ്വിനെയും ഇറക്കാനാണ് സാധ്യത. അതോടൊപ്പം നാല് സീം ബോളർമാർ കളിക്കുമെന്നും ഞാൻ കരുതുന്നില്ല. അവർ മൂന്നു സീമർന്മാരെയും രണ്ട് സ്പിന്നർമാരെയും ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ആരാകും ആ മൂന്ന് സീമർമാർ എന്നതും അറിയില്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
നിലവിൽ മുൻനിര ബാളർമാരാരും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ടെസ്റ്റിന് ഇറങ്ങുന്നത്. ഉമേഷ് യാദവും സൈനിയും ഉനാദ്കട്ടും മുഹമ്മദ് സിറാജും ശർദുൽ താക്കൂറുമാണ് ഇന്ത്യയുടെ ടീമിലുള്ള പേസ് ബോളിംഗ് ഓപ്ഷനുകൾ.