ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ പന്ത് കളിച്ചിരുന്നില്ല. പരമ്പരയിൽ നിന്ന് വിട്ടു നിന്ന പന്ത് ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഋഷഭ് പന്ത് നിർണായകമായ ഒരു ക്രിക്കറ്റിൽ തന്നെയാണ് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ട്വന്റി20യിലെയും ഏകദിനത്തിലെയും പന്തിന്റെ മോശം പ്രകടനം അയാളെ ടെസ്റ്റിൽ ബാധിക്കില്ല എന്ന് ജാഫർ വിശ്വസിക്കുന്നു.
ഇതോടൊപ്പം ബംഗ്ലാദേശിനെതിരായ ഏകദിനങ്ങളിൽ നിന്ന് വിശ്രമമെടുത്തത് പന്തിന് ഗുണം ചെയ്യും എന്നാണ് വസിം ജാഫർ പറയുന്നത്. “ട്വന്റി20യിലും ഏകദിനങ്ങളിലും നിരാശാജനകമായ പ്രകടനം തന്നെയാണ് പന്ത് കാഴ്ചവച്ചിരുന്നത്. എന്നിരുന്നാലും അയാൾ ഒരു ചെറിയ ഇടവേള എടുക്കുകയുണ്ടായി. ഇടവേളക്ക് ശേഷം അയാൾക്ക് പ്രചോദനം ഉണ്ടായിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പാണ്. ഇന്ത്യയെ സംബന്ധിച്ച് പന്ത് ഒരു പ്രധാന കളിക്കാരൻ തന്നെയാണ്. അയാളുടെ മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ആവശ്യം തന്നെയാണ്.”- വസീം ജാഫർ പറയുന്നു.
ഇതോടൊപ്പം മറ്റു ചില ബാറ്റർമാരുടെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് നിർണ്ണായകമാണെന്ന് വസീം ജാഫർ പറയുന്നുണ്ട്. “പൂജാരയുടെയും കോഹ്ലിയുടെയും പന്തിന്റെയും പ്രകടനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. കോഹ്ലിയുടെ മികച്ച ഇന്നിംഗ്സ് ഞാൻ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നു. കാരണം പിച്ച് ബാറ്റിംഗിന് വലിയ രീതിയിൽ അനുകൂലിക്കുന്നതാണ്. ഒപ്പം വിരാട് ഇപ്പോൾ മികച്ച ഫോമിലുമാണ്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
കോഹ്ലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി പിറന്നത് 2019ൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ശേഷം അടുത്ത സെഞ്ച്വറി നേടാൻ കോഹ്ലിക്ക് കുറച്ചധികം നാൾ കാത്തിരിക്കേണ്ടിവന്നു. ബംഗ്ലാദേശിനെതിരായ വരുന്ന ടെസ്റ്റിലും കോഹ്ലി മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.