ധോണിയിൽ നിന്ന് അവൻ ഒരുപാട് പഠിച്ചിട്ടുണ്ട്!! അതിന്റെ പ്രതിഫലമാണ് ഈ ഇന്നിങ്സുകൾ!! – മുൻ ഇന്ത്യൻ താരം

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ച്വറിയാണ് ഇന്ത്യയുടെ ഓപ്പണർ ഇഷാൻ കിഷൻ നേടിയത്. മത്സരത്തിൽ 131 പന്തുകളിൽ 210 റൺസായിരുന്നു കിഷൻ നേടിയത്. ഇതിനുശേഷം കിഷന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഒരുപാട് മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. ഝർഖണ്ഡിനായി മത്സരങ്ങൾ കളിക്കുമ്പോൾ ധോണിയുമായുള്ള സമ്പർക്കത്തിൽ നിന്ന് ഇഷാൻ കിഷൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.

   

“ഇഷാൻ കിഷൻ വളരെയേറെ കഴിവുകളുള്ള ക്രിക്കറ്റർ തന്നെയാണ്. അയാൾ ജനിച്ചത് പാട്നയിലാണ്. എന്നാൽ ഝർഖണ്ഡിനായി ആഭ്യന്തരമത്സരങ്ങൾ കളിക്കാൻ കിഷൻ തീരുമാനിച്ചു. അവിടെ മത്സരത്തിനു നല്ല ഘടനയും സ്പിരിറ്റും ഉണ്ടായിരുന്നു. മാത്രമല്ല ഏറ്റവും വലിയ കാര്യം ധോണിയും ഝർഖണ്ഡിൽ നിന്നാണ് വന്നത് എന്നുള്ളതാണ്. അതിനാൽ ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കിഷന് സാധിച്ചിട്ടുണ്ട്.”- സാബാ കരീം പറയുന്നു.

   

“കിഷൻ ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂമിൽ ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഝർഖണ്ഡിനായി കളിക്കുമ്പോൾ. എം എസ് ധോണി തനിക്ക് അവസരം ലഭിക്കുമ്പോഴൊക്കെ ഝർഖണ്ഡിനായി കളിക്കാൻ പോകുമായിരുന്നു. അതിനാൽ ധോണിയിൽ നിന്ന് ശക്തമായ സ്വാധീനം ഇഷാൻ കിഷന് ലഭിച്ചിട്ടുണ്ട്.ബാറ്റിംഗിൽ ആയാലും കീപ്പിങ്ങിൽ ആയാലും ഇത് ദൃശ്യമാണ്.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.

   

മുൻപ് ഇഷാൻ കിഷന്റെ കോച്ചും ധോണി അയാളിൽ ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി സംസാരിക്കുകയുണ്ടായി. മാത്രമല്ല യുവതാരങ്ങൾക്ക് തന്റെ അറിവ് പകർന്നുനൽകാൻ എന്നും ശ്രമിക്കുന്ന വ്യക്തിയാണ് ധോണി. ധോണിയുടെ പാഠവങ്ങൾ ഇഷാന് ഇനിയും സഹായകരമാവും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *