2023ലെ 50 ഓവർ ലോകകപ്പിലേക്ക് പോകുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ പരമ്പരയിലേറ്റ പരാജയവും ഇതിന് ആക്കം കൂട്ടുന്നതാണ്. എന്നാൽ അവസാന ഏകദിനത്തിലെ ഇഷാൻ കിഷന്റെ ഇന്നിങ്സ് ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. ഇഷാനെ പോലെയുള്ള കളിക്കാർക്ക് മാത്രമേ ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിക്കാൻ സാധിക്കൂ എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
“ടീമിൽ നിന്ന് പിന്തുണയും മാർഗ്ഗനിർദേശങ്ങളും ലഭിക്കുകയാണെങ്കിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ ഇനിയും തുടരാൻ ഇഷാൻ കിഷന് സാധിക്കും. ഇങ്ങനെയുള്ള കളിക്കാർക്ക് മാത്രമേ ഭാവിയിൽ നമുക്ക് ലോകകപ്പ് നേടിത്തരാൻ സാധിക്കൂ. റിഷാഭ് പന്ത്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശുഭമാൻ ഗിൽ എന്നിവരും ഈ ലിസ്റ്റിൽ വരുന്നവരാണ്. അവർ തന്നെയാണ് രാജ്യത്തിന്റെ ഭാവി പ്രതീക്ഷ.”- സാബാ കരീം പറയുന്നു.
ഇതോടൊപ്പം ഇവർക്കൊക്കെയും കൃത്യമായ അവസരങ്ങൾ നൽകണമെന്നും സാബാ കരീം പറയുകയുണ്ടായി. “നമ്മൾ ഇവരെയൊക്കെ കൃത്യമായി വിനിയോഗിക്കുകയാണെങ്കിൽ നമുക്ക് ഇനിയും ഇത്തരം നിമിഷങ്ങൾ ലഭിക്കും. എല്ലാവരും തമ്മിൽ ഒരു ഏകീകരണവും നമുക്ക് ആവശ്യമാണ്. എന്തായാലും ഈ കളിക്കാർക്കൊക്കെയും നമ്മൾ ദീർഘമായ അവസരങ്ങൾ നൽകണം.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ ഒരുപാട് പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച റിഷാഭ് പന്തിനെ ഇന്ത്യയ്ക്ക് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല. കാരണം അഞ്ചാം നമ്പരിൽ നിലവിൽ രാഹുലാണ് കളിക്കുന്നത്. ഒപ്പം പാണ്ട്യയും സൂര്യകുമാർ യാദവും ടീമിലേക്ക് തിരിച്ചെത്തുന്നതോടെ പന്തിന്റെ കാര്യങ്ങൾ കൂടുതൽ പരിതാപകരമാവും.