ഇന്ത്യയുടെ ബംഗ്ലാദേശിനെതരായ മൂന്നാം ഏകദിനത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇഷാൻ കിഷൻ കാഴ്ചവച്ചത്. മത്സരത്തിൽ 131 പന്തുകളിൽ 210 റൺസാണ് കിഷൻ നേടിയത്. ഇന്ത്യക്കായി ഏകദിനങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരനായി ഇഷാൻ കിഷാൻ മാറി. മത്സരശേഷം, തന്നെ ഇത്ര മികച്ച ഇന്നിങ്സ് കളിക്കാൻ സഹായിച്ചത് ഒരു പ്രത്യേക തന്ത്രമാണെന്ന് ഇഷാൻ കിഷൻ പറയുകയുണ്ടായി. 2022ലെ ലോകകപ്പിൽ സൂര്യകുമാർ യാദവും ഈ തന്ത്രം ഉപയോഗിച്ചിരുന്നതായി ഇഷാൻ കിഷൻ പറഞ്ഞു.
മത്സരദിവസം തന്നെ മത്സരത്തിന് തൊട്ടുമുൻപിൽ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തിയതാണ് തന്റെ വിജയരഹസ്യമെന്നാണ് കിഷൻ പറയുന്നത്. “മുൻപ് കളിച്ച സ്ഥലത്തെ നെറ്റ്സിലെ വിക്കറ്റുകൾ ബാറ്റിംഗിന് പിന്തുണ നൽകിയിരുന്നില്ല. അതിനാൽ മത്സരദിവസം രാവിലെ നെറ്റ്സിൽ പരിശീലനം നടത്താൻ ഞാൻ തീരുമാനിച്ചു. മറ്റു കളിക്കാരും നെറ്റ്സിൽ പരിശീലനം നടത്തി. ഇതുപോലെതന്നെ മത്സരദിവസം രാവിലെയാണ് സൂര്യകുമാർ യാദവ് ട്വന്റി20 ലോകകപ്പിനായി പരിശീലനം നടത്തിയിരുന്നതും. അങ്ങനെ സൂര്യയ്ക്ക് മികച്ച പ്രകടനങ്ങൾ ലോകകപ്പിൽ കാഴ്ചവയ്ക്കാൻ സാധിച്ചു. ഞാൻ അത് പിന്തുടർന്നു. 200 റൺസും നേടി.”- ഇഷാൻ കിഷൻ പറയുന്നു.
ഇതോടൊപ്പം മത്സരത്തിൽ ഇരട്ടസെഞ്ച്വറി നേടാൻ വിരാട് കോഹ്ലിയുടെ വാക്കുകൾ തനിക്ക് പ്രചോദനമായതായും ഇഷാൻ കിഷാൻ പറഞ്ഞു. “200നോടടുക്കുമ്പോൾ എന്നോട് സിംഗിൾ നേടാൻ ആവശ്യപ്പെടണമെന്ന് ഞാൻ വിരാട് കോഹ്ലിയോട് പറഞ്ഞിരുന്നു. അല്ലാത്തപക്ഷം ഞാൻ അടിച്ചുതകർക്കാൻ ശ്രമിക്കുകയും, വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തേനെ.”- കിഷൻ കൂട്ടിച്ചേർക്കുന്നു.
“അതുകൊണ്ട് വിരാട് എന്റെ അടുത്തെത്തി സിംഗിൾ നേടാൻ ആവശ്യപ്പെട്ടു. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് വിരാട് സിംഗിളെടുക്കാൻ ആംഗ്യം കാട്ടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അത് എന്നെ ഒരുപാട് സഹായിച്ചു.”- ഇഷാൻ കിഷാൻ പറഞ്ഞുവെക്കുന്നു.