ചങ്കരൻ പിന്നേം തെങ്ങിന്റെ മണ്ടേൽ! 3 മത്സരങ്ങളിൽ നിന്ന് നേടിയത് 18 റൺസ് മാത്രം! ധവാനെ ട്രോളി സോഷ്യൽ മീഡിയ

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും മോശം പ്രകടനം ആവർത്തിച്ച് ഓപ്പണിങ് ബാറ്റർ ശിഖർ ധവാൻ. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട ധവാൻ 3 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ മെഹദി ഹസ്സന്റെ പന്തിലായിരുന്നു ധവാൻ കൂടാരം കയറിയത്. പരമ്പരയിൽ ഇത് രണ്ടാം തവണയാണ് മെഹദി ധവാനെ പുറത്താക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ധവാൻ ഇത്തരം മോശം പ്രകടനങ്ങൾ തന്നെ ആവർത്തിക്കുകയാണ്. അതിനാൽതന്നെ ധവാന്റെ ടീമിലെ സ്ഥാനം സംബന്ധിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

   

ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ 17 പന്തുകളിൽ 7 റൺസായിരുന്നു ശിഖർ ധവാൻ നേടിയത്. രണ്ടാം മത്സരത്തിൽ 10 പന്തുകളിൽ 8 റൺസ്. മൂന്നാം മത്സരത്തിൽ 8 പന്തുകളിൽ 3 റൺസ്. ആകെ പരമ്പരയിൽ നേടിയിട്ടുള്ളത് മൂന്നു മത്സരങ്ങളിൽ നിന്ന് 18 റൺസ്. അതായത് വെറും 6 റൺസ് ശരാശരി. ഒരുപാട് യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ അവസരത്തിനായി കാത്തിരിക്കുമ്പോൾ ഇത്തരം മോശം പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യ ധവാനെ പിന്തുണയ്ക്കുന്നത് ആരാധകരെ ചോടിപ്പിച്ചിട്ടുണ്ട്.

   

ധവാന്റെ ഈ മോശം പ്രകടനങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പലരുടെയും അഭിപ്രായത്തിൽ ധവാന്റെ ഏകദിനകരിയറിലെ അവസാന മത്സരമാണ് ബംഗ്ലാദേശിനെതിരെ അവസാനിച്ചത്. ഒപ്പം ഇടംകയ്യനായ ഇഷാൻ കിഷൻ മത്സരത്തിൽ അത്യുഗ്രൻ പ്രകടനവും കാഴ്ചവച്ചതോടെ ധവാനുപകരം ഇഷാനെ ഇന്ത്യ പ്രധാന ഓപ്പണറാക്കണം എന്നും ട്വീറ്റുകൾ പറയുന്നു.

   

2022ൽ ഇന്ത്യക്കായി ഏകദിനങ്ങളിൽ മികച്ച പ്രകടനങ്ങളാണ് ശുഭമാൻ ഗിൽ കാഴ്ചവെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഗില്ലിനെയും രോഹിത്തിനെയും പ്രധാന ഓപ്പണറായും കിഷനെ ബാക്കപ്പ് ഓപ്പണറായും ഇന്ത്യ ഉൾപ്പെടുത്തണമെന്നും പലരും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *