അങ്ങനെ ഏകദിന സെഞ്ച്വറി ശാപവും അവസാനിപ്പിച്ച് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിരാട്ടിന് ഏകദിനങ്ങളിൽ മൂന്നക്കം കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തന്റെ സെഞ്ച്വറി ശാപം അവസാനിപ്പിച്ചിരിക്കുകയാണ് വിരാട്. തന്റെ കരിയറിലെ 72മത്തെ അന്താരാഷ്ട്ര സെഞ്ച്വറിയാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. ഇതോടെ സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസ്ട്രേലിയയുടെ മുൻ താരം റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ (100) മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ വിരാട്ടിനു മുൻപിലുള്ളത്.
2019ൽ വിൻഡീസിനെതിരെയായിരുന്നു വിരാട് ഇതിനുമുമ്പ് അവസാനമായി ഏകദിന സെഞ്ച്വറി നേടിയത്. ശേഷം 1213 ദിവസങ്ങൾ കോഹ്ലിക്ക് അടുത്ത സെഞ്ച്വറിക്കായി കാത്തിരിക്കേണ്ടിവന്നു. മത്സരത്തിൽ 85 പന്തുകളിലായിരുന്നു വിരാട് തന്റെ 44ആം ഏകദിന സെഞ്ചുറി നേടിയത്. 99 പന്തുകൾ മത്സരത്തിൽ നേരിട്ട കോഹ്ലി 114 റൺസ് നേടുകയുണ്ടായി.
2019ലെ വിൻഡീസിനെതിരായ സെഞ്ച്വറിക്ക് ശേഷം ഏകദിനത്തിൽ നാലുതവണ വിരാട് സെഞ്ച്വറിക്കെതിരെ എത്തിയിരുന്നു. എന്നാൽ ഒരു തവണ പോലും മൂന്നക്കത്തിലേക്ക് കടക്കാൻ വിരാട്ടിന് സാധിച്ചില്ല. എന്നാൽ എല്ലാത്തിനും അന്ത്യം കുറിച്ചിരിക്കുകയാണ് വിരാട് ഇപ്പോൾ. ബംഗ്ലാദേശിനെതിരെ നിർണായകമായ മത്സരത്തിൽ വളരെ മികച്ച ഇന്നിങ്സാണ് വിരാട് കാഴ്ചവച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖർ ധവാനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. ശേഷം രണ്ടാം വിക്കറ്റിൽ വിരാട് ഇഷാനുമൊത്ത് 290 റൺസാണ് നേടിയത്. ആദ്യ സമയത്ത് ഇഷാന് പിന്തുണ നൽകി കളിച്ച വിരാട് പിന്നീട് അഴിഞ്ഞാടുന്നതാണ് മത്സരത്തിൽ കണ്ടത്. 210 റൺസ് നേടിയ ഇഷാന്റെയും സെഞ്ച്വറി നേടിയ കോഹ്ലിയുടെയും ബലത്തിൽ മത്സരത്തിൽ ഇന്ത്യ 409 റൺസാണ് ഇന്ത്യ നേടിയത്.