ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ ഓപ്പണർ ഇഷാൻ കിഷന്റെ ആറാട്ട്. രോഹിത്തിന് പരിക്ക് പറ്റിയതിനാൽ ടീമിലെത്തിയ കിഷാൻ മൈതാനത്ത് അണിനിരന്ന മുഴുവൻ ബോളർമാരെയും അടിച്ചുതൂക്കുന്നതാണ് കണ്ടത്. തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറിയും ഇഷാൻ കിഷാൻ മത്സരത്തിൽ നേടി. ഇതോടെ രോഹിത് ശർമയ്ക്കും വിരേന്ദ്ര സേവാഗിനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഏകദിനങ്ങളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ക്രിക്കറ്ററായി കിഷൻ മാറി.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുത്തുകയായിരുന്നു. ബാറ്റിംഗിന് പൂർണമായും അനുകൂലമായ പിച്ചിലും ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട ധവാൻ 3 റൺസ് മാത്രമാണ് നേടിയത്. എന്നാൽ മൂന്നാമനായിറങ്ങിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ അടിച്ചുതകർക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ രണ്ട് ഏകദിനങ്ങളിലും നന്നായി ബോൾ ചെയ്ത ബംഗ്ലാദേശ് ബോളർമാരുടെ അന്തകനായി ഇഷാൻ കിഷൻ മാറി.
85 പന്തുകളിലായിരുന്നു കിഷൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. അന്താരാഷ്ട്ര കരിയറിലെ കിഷന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. സെഞ്ച്വറിക്ക് ശേഷം കിഷൻ കൂടുതൽ അപകടകാരിയായി മാറി. മൈതാനത്തിന്റെ തലങ്ങും വിലങ്ങും അടിച്ചു തകർത്ത് കിഷൻ ഡബിൾ സെഞ്ച്വറിയിലേക്ക് കുതിച്ചു. അങ്ങനെ 126 പന്തുകളിൽ ഇഷാൻ കിഷൻ തന്റെ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറിയും കുറിച്ചു. 23 ബൗണ്ടറികളും 9 പടുകൂറ്റൻ സിക്സറുകളുമായിരുന്നു ഇഷാൻ കിഷന്റെ ഇരട്ടസെഞ്ച്വറിയിൽ ഉണ്ടായിരുന്നത്.
മുൻപ് തന്നെ ഇഷാൻ കിഷനും സഞ്ജു സാംസനുമടക്കം പല യുവതാരങ്ങൾക്കും ഇന്ത്യ അവസരം നൽകാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ശേഷമാണ് രോഹിത്തിന് പരിക്ക് പറ്റിയശേഷം ടീമിലെത്തിയ കിഷന്റെ ഈ ആറാട്ട്.