കഴിഞ്ഞ കുറച്ചുകാലങ്ങളായി അത്ര മികച്ച ഫോമിലല്ല ഇന്ത്യൻ ടീം കളിക്കുന്നത്. 2022 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ശേഷം ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് 1-0ന് നഷ്ടപ്പെട്ടു. ഇപ്പോൾ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരത്തിൽ എന്തു വില കൊടുത്തും ഇന്ത്യ വിജയം കണ്ടെത്തിയേ തീരൂ എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.
ഇന്ത്യ ശക്തമായ ടീം കണ്ടെത്തി ഏത് വിധേനയും മത്സരം വിജയിക്കാൻ തയ്യാറാവണമേന്നാണ് ഗവാസ്കർ പറയുന്നത്. “ഇന്ത്യ അവരുടെ ശക്തമായ ടീം കണ്ടെത്തിയ തീരൂ. ഇതിനുശേഷമുള്ള ടെസ്റ്റ് പരമ്പരക്കായി ആത്മവിശ്വാസം കണ്ടെത്താനും ഇത് സഹായിക്കും. കാരണം ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന്റെയും ഏകദിന സ്‌ക്വാഡിന്റെയും ഘടനയിൽ ചെറിയ വ്യത്യാസമാണുള്ളത്.”- ഗവാസ്കർ പറഞ്ഞു.
“എന്നിരുന്നാലും ബംഗ്ലാദേശ് ബാറ്റിങ്ങിലും ബോളിങ്ങിലും അവിസ്മരണീയമായ പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. അതിനാൽതന്നെ മൂന്നാം മത്സരത്തിൽ ഇന്ത്യ വിജയിച്ചെ പറ്റൂ. ഇന്ത്യ പരമ്പര മാർജിൻ 2-1 എന്ന നിലയിൽ കുറയ്ക്കണം. മൂന്നാം ഏകദിനം വിജയിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യണം. ശേഷം ചിറ്റഗ്രാം ടെസ്റ്റിൽ ജയിക്കാൻ തന്നെ ശ്രമിക്കണം.”- സുനിൽ ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ അഭിമന്യു ഈശ്വരനാണ് ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുന്നത്. ഒപ്പം കെ എൽ രാഹുലാവും ഇന്ത്യയെ ടെസ്റ്റിലും നയിക്കുക.